ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണികണ്ഠന്‍ (കൊച്ചനി), വിനോദ് കുമാര്‍ എന്നിവരെ അടിയന്തരമായി ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാന്‍ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.  റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.കെ. ദിനേശന്‍ ചെയര്‍മാനായ  സംസ്ഥാനതല ജയില്‍ ഉപദേശകസമിതി യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നില്ല.

ഉത്തരവിറക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും 28 വര്‍ഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  ഉത്തരവിറക്കാന്‍ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സര്‍ക്കാരിന് തൃപ്തികരമായ വിശദീകരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചാണ് ജയില്‍ ഉപദേശക സമിതി മോചനത്തിനുള്ള ശുപാര്‍ശ കൈമാറിയത്. എന്നാല്‍ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ജയില്‍ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളില്‍ പ്രാവീണ്യം ഇല്ലാത്തതിനാല്‍ വീണ്ടും വ്യാജവാറ്റിലേക്ക് തിരിയാന്‍ ഇടയുണ്ടെന്നുമാണ് പോലീസുകാര്‍ ഉന്നയിച്ച പ്രധാന ആശങ്ക. എന്നാല്‍ ജയിലിനുള്ളിലോ പുറത്തോ വെച്ച് ഇരുവര്‍ക്കും എതിരെ പരാതികള്‍ ഉണ്ടായിട്ടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭര്‍ത്താക്കന്മാരുടെ ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും വേണ്ടി എസ് കെ ഭട്ടാചാര്യ, മാലിനി പൊതുവാള്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ്, അഭിഭാഷകന്‍ എം എല്‍ ജിഷ്ണു എന്നിവരാണ് ഹാജരായത്.

Content Highlights: Kalluvathukkal liquor tragedy- Supreme Court seeks immediate bail for Manichan's brothers