ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തെ മദ്യശാല നിരോധനത്തില്‍ ഇളവ് പ്രഖ്യാപിച്ച വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്നായിരുന്നു നേരത്തെയുള്ള വിധി. ഏതെല്ലാം കള്ളു ഷാപ്പുകള്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും നേരത്തെയുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്.