ജയ്പുര്‍: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍നിന്ന് വിട്ടയക്കപ്പെട്ട ഡോ. കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശപ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.

തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ സുരക്ഷിത താവളം കണ്ടെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാം. യുപി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യുപിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ പറഞ്ഞു. 

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kafeel Khan says he came to Rajasthan on Priyanka Gandhi's advice