
കഫീൽ ഖാനും കുടുംബവും പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചപ്പോൾ | Photo:Twitter.com|up congress
ന്യൂഡല്‍ഹി: ജയില്‍ മോചിതനായി ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ച്ച് കഫീല്‍ ഖാന്. തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം കഫീല്‍ ഖാന് പ്രിയങ്കയെ സന്ദര്‍ശിച്ചത്.
അത്യവാശ്യഘട്ടത്തില് തങ്ങളെ സഹായിച്ചതിന് പ്രിയങ്കയോടും കോണ്‍ഗ്രസിനോടുമുള്ള നന്ദി അറിയിച്ചെന്ന് കഫീല്‍ ഖാന് ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു അടക്കുള്ള നേതാക്കളും കഫീല്ഖാന്-പ്രിയങ്ക കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്ന കഫീല്‍ ഖാനെ ദിവസങ്ങള്‍ക്ക് മുമ്പ് കോടതി ഇടപ്പെട്ടാണ് മോചിപ്പിച്ചത്. ജയില്‍ മോചിതനായ കഫീല്‍ ഖാന് രാജസ്ഥാനില്‍ സംരക്ഷണമൊരുക്കിയത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിലായിരുന്നു. താന്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങുമെന്നും യുപി ഭരണകൂടത്തെ ഭയമില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു.
ഇതിനിടെ കഫീല്‍ ഖാന് ജയിലില്‍ താന്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായെന്നു കാണിച്ച് യു.എന്‍. മനുഷ്യാവകാശ സമിതിക്ക് കത്തെഴുതിയിട്ടുണ്ട്. ദേശീയ സുരക്ഷാനിയമം ചുമത്തി മഥുരയിലെ ജയിലില്‍ തടവിലാക്കിയിരുന്ന ഖാനെ കോടതിവിധിയെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
''എന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും തന്നില്ല. ഇടുങ്ങിയതും തിങ്ങിനിറഞ്ഞതുമായ ജയില്‍മുറിയില്‍ മാസങ്ങളോളും മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടിവന്നു''. യു.എന്‍. മനുഷ്യാവകാശ സമിതിക്ക് ഈമാസം 17-ന് അദ്ദേഹമെഴുതിയ കത്തില്‍ പറയുന്നു. ഖാനെ മോചിപ്പിക്കണമെന്ന് ഇവര്‍ ജൂണ്‍ 26-ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഖാന് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഷബീസ്തന് ഖാന് തന്റെ ഭര്‍ത്താവിനെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചുവെന്നാരോപിച്ച് യു.എന്‍. മനുഷ്യാവകാശ സമിതിക്ക് കത്തെഴുതിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..