ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേയുള്ള കർഷക പ്രതിഷേധം രണ്ടാഴ്ചയിലേറെയായി തുടരുമ്പോഴും തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഇതോടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് കർഷകർക്കുള്ള പിന്തുണ ദിനംപ്രതി വർധിച്ചുവരുകയാണ്. പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ വിവിധ തരത്തിലാണ് കർഷകർക്ക് സഹായം എത്തിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ സമരമുഖത്ത് ഒരു വ്യായാമകേന്ദ്രം തന്നെ ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കായികതാരങ്ങൾ.

പഞ്ചാബിലെ കബഡി, ഭാരോദ്വഹന താരങ്ങളാണ് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലെ സമരഭൂമിയിൽ ചെറിയ വ്യായാമകേന്ദ്രം ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടയിൽ കർഷകരെ സഹായിക്കാനും യുവാക്കളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു ആശയമെന്ന് കായികതാരങ്ങൾ പറയുന്നു.

പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമയാണെന്ന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന കബഡി താരമായ ബിട്ടു സിങ് ഇന്ത്യടുഡേയോട് വ്യക്തമാക്കി. പഞ്ചാബിന്റെ ഭാവി മയക്കുമരുന്നിന് അടിമപ്പെടില്ല. ഞങ്ങൾ പൂർണമായും ആരോഗ്യവാൻമാരാണ്. പ്രതിഷേധത്തിനിടയിൽ പോലും ഞങ്ങൾ പരിശീലനം തുടരുന്നു. എൻ.ആർ.ഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പൂർണ പിന്തുണ ഞങ്ങൾക്കുണ്ട്. വരും ദിവസങ്ങളിൽ വ്യായാമത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തുമെന്നുംഒരു കബഡി മൈതാനംകൂടി ഒരുക്കുമെന്നും ബിട്ടു സിങ് പറഞ്ഞു.

കർഷക പ്രതിഷേധത്തിൽ ഭാഗമാകുന്നതിനും കർഷകർക്ക് സഹായം ചെയ്യുന്നതിനുമൊപ്പം ദിവസവും രണ്ട് മണിക്കൂറോളം വ്യായാമ കേന്ദ്രത്തിൽഞങ്ങൾ ചെലവഴിക്കുന്നു. തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കായികതാരങ്ങൾ പറഞ്ഞു.

ധാരാളം ആളുകൾ വ്യായാമ രീതികൾ പഠിക്കാൻ ഇവിടെ വരുന്നു. ഞങ്ങൾ അവരെ സഹായിക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുമെന്നും മറ്റൊരു കബഡി താരമായ ലക്ക ചീമ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ പോലും സന്തോഷത്തോടെ ഇരിക്കാൻ പഞ്ചാബികള്‍ക്ക്‌ സാധിക്കും. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധ ഭൂമിയിൽ കർഷകർക്കൊപ്പം തുടരുമെന്ന് ഭാരോദ്വഹന താരം അമാൻ ഹോട്ടി പറഞ്ഞു.

content highlights:kabaddi players and weightlifters from Punjab has set up a mini gym at the protest site