ന്യൂഡല്‍ഹി: വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദികള്‍ക്കെതിരായ നീക്കങ്ങളില്‍ വിദഗ്ധനുമായ കെ.വിജയകുമാറിനെ ജമ്മു-കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായി നിയമിച്ചു. മലയാളിയായി അദ്ദേഹം പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്.

ജമ്മു - കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയുടെ ഉപദേഷ്ടാവായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ എത്തുന്നത്. കശ്മീരിലെ ബിജെപി - പിഡിപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പോലീസ് സേനയില്‍നിന്ന് വിരമിച്ചശേഷം വിജയകുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ജമ്മു-കശ്മീര്‍ ചീഫ് സെക്രട്ടറി ബി.ബി. വ്യാസിനൊപ്പമാണ് വിജയകുമാറിനെയും ഉപദേശക പദവയില്‍ എത്തിച്ചിരിക്കുന്നത്. 

കാട്ടുക്കള്ളന്‍ വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപം നല്‍കിയ ദൗത്യസേനയ്ക്കാണ് കെ. വിജയകുമാര്‍ നേതൃത്വം നല്‍കിയത്. ദൗത്യസേന തയാറാക്കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004-ല്‍ വീരപ്പന്റെ മരണത്തോടെയാണ് അവസാനിച്ചത്. 2004 ഒക്ടോബര്‍ 18-നാണ് വീരപ്പന്‍ കൊല്ലപ്പെടുന്നത്.

1975 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998-2001 കാലയളവില്‍ അതിര്‍ത്തി രക്ഷാസേന ഐ.ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വളരെ നല്ല സംഘമാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

സിആര്‍പിഫ് തലവനായിരുന്ന വിജയകുമാര്‍ 2012-ല്‍ ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി.