ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം ട്വിറ്ററിലൂടെ നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ അറസ്റ്റിലായി. ആനന്ദ് പ്രസാദ് എന്നയാളാണ് അറസ്റ്റിലായതെന്ന് കബൻ പാര്‍ക്ക് പോലീസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടര്‍ന്നാണ് അറസ്റ്റ്. രാമമൂര്‍ത്തി നഗറിലെ വസതിയില്‍നിന്ന് പുലര്‍ച്ചെ രണ്ടിനാണ് ആനന്ദിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വിശദമായി ചോദ്യംചെയ്തശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ വര്‍ക്കറാണ് താന്‍ എന്നാണ് ആനന്ദ് ട്വിറ്ററില്‍ അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റുചെയ്തിട്ടുണ്ട്.
എന്നാല്‍ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടിട്ടുള്ളതായി പോലും ഓര്‍ക്കുന്നില്ല. ട്വിറ്റര്‍ ഉപയോഗിക്കാത്തതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉഗ്രപ്പ പറഞ്ഞു.
Content Highlights: K'taka Cong worker held for derogatory tweet on Amit Shah