റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ദക്ഷിണ റെയില്‍വേയുടെ എതിര്‍പ്പ് മറികടന്ന്

തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈനിന് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനം ദക്ഷിണ റെയില്‍വേയുടെ എതിര്‍പ്പ് അവഗണിച്ച്. ഭാവിയിലെ റെയില്‍വേ വികസനത്തിന് സ്ഥലം ആവശ്യമായതിനാലാണ് സ്ഥലം കൈമാറുന്നതിനെ ദക്ഷിണ റെയില്‍വേ അധികൃതര്‍ എതിര്‍ത്തിരുന്നത്.

റെയില്‍വേ ഭൂമിയില്‍ സര്‍വേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാനുമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കുകയും ചെയ്തു. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സര്‍വേയില്‍ പങ്കെടുക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. സര്‍വേ നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

457 ഏക്കര്‍ റെയില്‍വേ ഭൂമിയാണ് പദ്ധതിക്കുവേണ്ടത്. തിരൂര്‍ മുതല്‍ കാസര്‍കോടുവരെ നിലവിലെ റെയില്‍വേ പാളത്തിന് സമാന്തരമായിട്ടാണ് അര്‍ധ അതിവേഗ തീവണ്ടിപ്പാത കടന്നുപോകുന്നത്. കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ ഭാഗങ്ങളിലും കോട്ടയത്തും ഇതേരീതിയില്‍ സില്‍വര്‍ലൈന്‍ റെയില്‍പ്പാതയുമായി അടുപ്പം പാലിക്കുന്നുണ്ട്. ഭാവിയിലെ റെയില്‍വേ വികസനത്തിന് ആവശ്യമില്ലാത്തതും സില്‍വര്‍ലൈനിന് ആവശ്യമുള്ളതുമായ ഭൂമിയാണ് തിട്ടപ്പെടുത്തുന്നത്. നിലവിലെ റെയില്‍പ്പാതയെ കെ-റെയില്‍ മുറിച്ചുകടക്കുന്നുമുണ്ട്.സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നതിന് വലിയ തടസ്സമുണ്ടാകില്ല.

കെ-റെയിലിന് എതിരേ ആക്ഷന്‍കൗണ്‍സില്‍

കോട്ടയം: സില്‍വര്‍ ലൈനിനുവേണ്ടി റെയില്‍വേ ഭൂമി വിട്ടുകൊടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന രീതിയില്‍ കെ -റെയില്‍ അധികാരികള്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍. റെയില്‍വേ ഭൂമിയില്‍ അതിര് കല്ലിട്ട് വേര്‍തിരിക്കണമെന്ന് കെ റെയില്‍ ബോര്‍ഡ് മുമ്പാകെ ആവശ്യപ്പെടുകയാണ് ചെയ്തത്. അത് അംഗീകരിച്ചതായി റെയില്‍വേ അധികാരികള്‍ പറയുന്നില്ല.

തങ്ങള്‍ ദക്ഷിണ റെയില്‍വേ അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചത് അഭ്യര്‍ഥന ഉണ്ടായെന്ന് മാത്രമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ പ്രചാരണമാണ് കെ റെയില്‍ അധികാരികള്‍ നടത്തുന്നത്. കഴിഞ്ഞദിവസവും റെയില്‍വേയില്‍നിന്ന് ലഭിച്ച വിവരാവകാശപ്രകാരം, പദ്ധതിക്ക് ഒരു അംഗീകാരവും നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാക്കിയതെന്ന് നിയമപോരാട്ടം നടത്തുന്ന മുളക്കുളം സ്വദേശി എം.ടി. തോമസ് അറിയിച്ചു. പദ്ധതിയില്‍ നീതി ആയോഗും ധനമന്ത്രാലയവും ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കെ റെയിലിന് കഴിഞ്ഞിട്ടില്ല. പദ്ധതിച്ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സംശയം ബാക്കിയാണ്.

വന്‍കിട പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വേണമെന്നിരിക്കെ സില്‍വര്‍ ലൈനിനുവേണ്ടി ഭൂമി അളന്നുതിരിക്കുന്ന നടപടികള്‍ നിയമ വിരുദ്ധമാണ്. ഹരിത ട്രിബ്യൂണലും കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ് -തോമസ് ചൂണ്ടിക്കാട്ടി.

Content Highlights: K-Rail Southern Railway