
കെ. മുരളീധരൻ| Photo: Mathrubhumi Library
ന്യൂഡല്‍ഹി: കെ. മുരളീധരനെ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാംതവണയാണ് മുരളീധരന് കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്മാന്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. അന്നത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന് നേമത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം നടന്ന പുനഃസംഘടനയില്‍ മുരളീധരന്റെ പേര് പലവട്ടം ഉയര്‍ന്നുവന്നെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.
യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്കും ഒരുഘട്ടത്തില്‍ മുരളീധരനെ പരിഗണിച്ചിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകളും സംസ്ഥാനത്തെ പി.സി.സി. നേതൃത്വവും മുരളീധരന് വരുന്നതിനോട് യോജിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്. 2024-ല്‍ നടക്കാനാരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ. നേതൃത്വവുമായി കുറച്ചുകാലമായി അകന്നുനിന്ന മുരളീധരനെ അനുനയിപ്പിക്കുന്ന നീക്കം കൂടിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്.
content highlights: k muraleedharan apppointed as kpcc pracharana samiti chairman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..