ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഭരണഘടനാവിദഗ്ദ്ധന്‍ എന്ന നിലയില്‍ പേരെടുത്ത കെ.കെ.വേണുഗോപാലിന്റെ നിയമന ശുപാര്‍ശയില്‍ രാഷട്രപതി പ്രണബ് മുഖര്‍ജി ഒപ്പു വച്ചു. 

നിലവിലെ അറ്റോര്‍ണി ജനറലായ മുകുള്‍ റോതഗി സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടപ്പിച്ച സാഹചര്യത്തിലാണ് 86-കാരനായ വേണുഗോപാലിനെ ഈ സ്ഥാനത്ത് നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

കണ്ണൂര്‍ സ്വദേശിയായ കെ.കെ.വേണുഗോപാല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്. അദ്ദേഹത്തിന്റെ പിതാവ് എം.കെ.നമ്പ്യാര്‍ മംഗലാപുരത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. മംഗലാപുരത്തെ സെന്റ അലോഷ്യസ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ബിരുദപഠനം.

അഭിഭാഷകരംഗത്ത് അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവപരിചയമുള്ള കെകെ വേണുഗോപാല്‍ ഭരണഘടനാവിദഗ്ദ്ധന്‍ എന്ന നിലയിലാണ് നിയമരംഗത്ത് പ്രശസ്തനായത്. ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്ധ്വാനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് വേണുഗോപാലായിരുന്നു. 

മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഭൂട്ടാന്റെ ഭരണഘടനാ ഉപദേഷ്ടാവായി ഭൂട്ടാന്‍ രാജാവും നിയമിച്ചിരുന്നു. 2 ജി സ്‌പെക്ട്രം കേസില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം അമിക്കസ് ക്യൂരിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അറ്റോര്‍ണി ജനറലായി ചുമതലയേല്‍ക്കുന്നതോടെ കന്നുകാലി വില്‍പന നിയന്ത്രണം, മുത്തലാഖ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ വിവാദവും നിര്‍ണായകവുമായ അനവധി കേസുകളാണ് രാജ്യം പത്മഭൂഷണ്‍,പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ച ഈ സീനിയര്‍ അഭിഭാഷകന് ഇനി കൈകാര്യം ചെയ്യേണ്ടി വരിക.