ന്യൂഡല്‍ഹി: ജനകീയ കര്‍ഷക പ്രതിരോധത്തിനും  പ്രതിപക്ഷ പ്രക്ഷോഭത്തിനും മുമ്പില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നുള്ളതാണ് യാഥാര്‍ഥ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഗത്യന്തരമില്ലാതായപ്പോള്‍ ഒരു കൊല്ലമായി കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴെങ്കിലും സമരത്തിന് മുന്നില്‍ മുട്ടുമടക്കി നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇത് ജനങ്ങളുടേയും കര്‍ഷകരുടേയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടേയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും അറിയുന്നതിനാല്‍  വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കാനിടയില്ലെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

സമരത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരവധി പേരുടെ ജീവിതത്തില്‍ ഏറെ പ്രയാസങ്ങളുണ്ടാക്കി. ഒരു കാര്യവുമില്ലാതെ കൃഷിക്കാരെ വെല്ലുവിളിച്ചു കൊണ്ടുണ്ടാക്കിയ നിയമം മൂലം ഒരു വര്‍ഷത്തിലധികമായി കൃഷിക്കാര്‍ തെരുവിലാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളും നമ്മള്‍ കണ്ടതാണ്. നിരവധി കര്‍ഷകര്‍ സമരത്തിനിടെ മരിച്ചു വീണു. പാര്‍ലമെന്റിന്റെ ഒരു സമ്മേളനം മുഴുവന്‍ അലങ്കോലപ്പെട്ടത് ഈ സമരത്തിന്റെ ഭാഗമായാണ്. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്- കെ, സി. വേണുഗോപാല്‍ പറഞ്ഞു. 

കര്‍ഷകരെ വിളിച്ച് ഒരിക്കല്‍ പോലും സംസാരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍ സാധിക്കാത്തവരല്ല ഇന്ത്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിക്കാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും അത് ഇനിയും തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനമെന്നും കര്‍ഷകരുടെ ഉന്നമനത്തിനായി പ്രക്ഷോഭങ്ങളും പരിപാടികളുമായി കോണ്‍ഗ്രസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: K C Venugopal on repealing farm laws