ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനാണ് സിബിഐയെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചു.  

കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് എത്തിനില്‍ക്കെ, ബിജെപി അതേ തിരക്കഥയുമായി എത്തിയിരിക്കുകയാണ്; അതില്‍ ഒരു അത്ഭുതവുമില്ല. സിബിഐയെ ഉപയോഗിച്ച് ഡികെ ശിവകുമാറിന്റെയും ഡി.കെ സുരേഷിന്റെയും വീടുകളില്‍ റെയ്ഡ് നടത്തി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടയാനാണ് ബിജെപിയുടെ ശ്രമം. അത് ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുകയേ ഉള്ളൂ. അന്വേഷണ ഏജന്‍സികളെ തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ നടപടി നമ്മുടെ ജനാധിപത്യത്തിനു മേലുള്ള ആക്രമണമാണ്, കെ.സി. വേണുഗോപാല്‍ ട്വീറ്റില്‍ പറയുന്നു.

ഡികെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന  കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പരിശോധനകളില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം നടത്തുന്നത്.

Content Highlights: k c venugopal against bjp on CBI Raids Congress's DK Shivakumar's Premises