ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തി ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്നു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി  കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്‌. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് ബിജെപി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സിന്ധ്യയെ കോണ്‍ഗ്രസ് പുറത്താക്കിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

തനിക്കൊപ്പമുള്ള 18 എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്‌. ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്തര യോഗം വിളിച്ചു. സിന്ധ്യ പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് അടിയന്തര യോഗം വിളിച്ചത്. 

മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയതെന്ന് യോഗത്തിനെത്തിയ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയാണ് വിമാനം ഒരുക്കി നല്‍കിയത്. കമല്‍നാഥ് സര്‍ക്കാര്‍ മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ചതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം കമല്‍നാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തി വരികയാണ്. എംഎല്‍എമാരെ മാറ്റിയതു മുതല്‍ അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും സിന്ധ്യ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് കമല്‍നാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഊര്‍ജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.

'കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്ന കാര്യം ചിന്തിച്ചുക്കൊണ്ടിരിക്കുയായിരുന്നു. എന്റെ ലക്ഷ്യവും ബോധ്യവും മുന്‍പുള്ളത് പോലെ തന്നെ തുടരും. സംസ്ഥാനത്തേയും രാജ്യത്തേയും ജനങ്ങളെ സേവിക്കും. ഈ പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ക്കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല' സിന്ധ്യ തന്റെ രാജിക്കത്തില്‍ കുറിച്ചു. ഇന്നാണ് രാജി ഔദ്യോഗികമായി അറിയച്ചതെങ്കിലും ് തിങ്കളാഴ്ചത്തെ തിയതിയാണ് രാജിക്കത്തിലുള്ളത്.

Content Highlights: Jyotiradiya Scindia meets PM Narendra Modi & Home Minister Amit Shah in New Delhi