ഭോപ്പാൽ: കടുവ ഇപ്പോഴും ജീവനോടെയുണ്ടെന്ന ജോതിരാദിത്യ സിന്ധ്യയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ.

'ഏത് കടുവയാണ് ജീവനോടെയുള്ളത്, കടലാസ് കടുവയാണോ അതോ സർക്കസിലേതോ' എന്നായിരുന്നു കോൺഗ്രസ് നേതാവ് കമൽനാഥിന്റെ ചോദ്യം. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവുമായി പണ്ടുനടത്തിയ വേട്ടയുടെ ഓർമകളാണ് ദ്വിഗ് വിജയ് സിങ് പങ്കുവെച്ചത്.

'വേട്ടയാടുന്നതിന് നിരോധനമില്ലാതിരുന്ന കാലത്ത് ഞാനും മാധവറാവു സിന്ധ്യയും കടുവകളെ വേട്ടയാടുമായിരുന്നു. എന്നാൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നതോടെ ഞാൻ കടുവകളെ കാമറയിൽ മാത്രമേ ഷൂട്ട് ചെയ്യാറുളളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങൾക്ക് യഥാർഥ കടുവയുടെ സ്വഭാവമറിയാമോ, ഒരു കാട്ടിൽ ഒരു കടുവയേ വാഴൂ എന്നും മറ്റൊരു ട്വീറ്റിൽ ദിഗ് വിജയ് സിങ് പറഞ്ഞു.

വ്യാഴാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കോൺഗ്രസ് വിട്ടെത്തിയ 12 അനുയായികളെ മന്ത്രിമാരാക്കിയ ശേഷമാണ് സിന്ധ്യ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. കമൽനാഥിൽ നിന്നോ ദിഗ് വിജയ് സിങ്ങിൽ നിന്നോ തനിക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും 15 മാസത്തിനുള്ളിൽ അവർ ജനങ്ങളെ കൊള്ളയടിച്ചത് എങ്ങനെയാണെന്നുള്ളതിന് ജനങ്ങൾക്ക് മുന്നിൽ വസ്തുതകളുണ്ടെന്നും സിന്ധ്യ പറഞ്ഞു.

അനീതിക്കെതിരെയുള്ള യുദ്ധമാണെങ്കിൽ ജോതിരാദിത്യ സിന്ധ്യ മുന്നിലുണ്ടാകും. കഴിഞ്ഞ രണ്ടുമാസമായി ചിലർ തന്നെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. അവരോട് 'ടൈഗർ അഭി സിന്ദാ ഹെ'എന്നുപറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു സിന്ധ്യ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞത്. മറ്റൊരു പാർട്ടി ചടങ്ങിൽവെച്ചും സിന്ധ്യ കടുവ പരാമർശം ആവർത്തിച്ചിരുന്നു.

Content Highlights:Jyotiraditya Scindia's Tiger Zinda Hai Dig Congress leaders roar back