ന്യൂഡല്‍ഹി: അസഹിഷ്ണുത വര്‍ധിക്കുന്ന ഈ കാലത്ത് രാജീവ് ഗാന്ധി കാണിച്ച വഴിയിലൂടെ നാം നമ്മുടെ യാത്ര തടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 75ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പുതുക്കയാണ് രാജ്യം. 

നാനാത്വത്തിൽ ഏകത്വത്തിലാണ് ഇന്ത്യയുടെ കരുത്ത്. രാജീവ് ഗാന്ധിയുടെ വാക്കുകള്‍ മറ്റേത് കാലത്തേക്കാളും പ്രസക്തിയുള്ള സമയമാണിത്. നമ്മളെല്ലാം തമ്മിലുള്ള ഐക്യത്തിന്റെ കണ്ണികള്‍ തകര്‍ക്കാന്‍ വര്‍ഗീയ ഭ്രാന്തിനെ നാം അനുവദിക്കരുതെന്നും രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മന്‍മോഹന്‍ സിങ് പറഞ്ഞു.

Manmohan
മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, രാജീവ് ഗാന്ധി, മൻമോഹൻസിങ്  എന്നിവർ

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജീവ് ഗാന്ധിയക്ക് സ്മരണാഞ്ജലികളര്‍പ്പിച്ചത് തന്റെ പിതാവ് മാധവ റാവു സിന്ധ്യയും രാജീവ് ഗാന്ധിയുമൊന്നിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ്. 

''രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഭാരത്രത്‌ന രാജീവ് ഗാന്ധിക്ക് ജന്മ ദിനത്തില്‍ ആശംസകള്‍'' സിന്ധ്യ കുറിച്ചു. രണ്ടുവരി ഹിന്ദി കവിതയും ആ പോസ്റ്റിലുണ്ടായിരുന്നു. ''മണ്ണില്‍ രക്തം ചിന്തിയവരാണ് നാം.. മാതൃരാജ്യത്തോട് നമുക്കൊരു കടമുണ്ടായിരുന്നു.. ആ കടം നാം വീട്ടിയിരിക്കുന്നു..''

കോണ്‍ഗ്രസിന്റെ പുതിയ തലമുറയിലയിലെ നേതാക്കളില്‍ ശ്രദ്ധേയനായ സിന്ധ്യ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയോട് പരാജയപ്പെട്ടിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കാനുള്ള കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ  പിന്തുണച്ച് സിന്ധ്യ രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു.

content highlights: Jyotiraditya Scindia's Throwback Photo On Rajiv Gandhi Birth Anniversary