ഭോപ്പാല്‍: ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്റെ ചുവട് പിടിച്ചാണ് സിന്ധ്യയുടെയും രാജിയെന്നാണ് സൂചന. 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്നായിരുന്നു ഇത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്‌റിയ, വിവേക് തന്‍ഖ തുടങ്ങിയ മറ്റു പല മുതിര്‍ന്ന നേതാക്കളും രാജിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവെക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത കത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത പല നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്. 

രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.

Content Highlights: Jyotiraditya Scindia resigns as National General Secretary of Congress