-
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വിമതസ്വരം പരസ്യമാക്കിയ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് സൂചന. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തന്നെ അനുകൂലിക്കുന്ന 18 എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്.
അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വത്തെ സന്ദര്‍ശിച്ച വിവരം പുറത്തുവരുന്നത്.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങും അറിയിച്ചിരുന്നു. തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്' ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.
അതേ സമയം എംഎല്‍എമാരെ മാറ്റിയ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും കമല്‍നാഥ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് പ്രതികരിച്ചത്.
രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഭിന്നതയുള്ളത്. ഇതിനിടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലില്‍ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കമല്‍നാഥ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Jyotiraditya Scindia may join BJP-Sources
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..