ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍


2 min read
Read later
Print
Share

ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്.

ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ

ഡല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കും.

സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.

പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു.

ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പുതിയ ചുവടുവെക്കാന്‍ തീരുമാനിച്ചത്.

മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതായി കോണ്‍ഗ്രസ് പത്രക്കുറിപ്പിറക്കി.

അഞ്ച് എം.എല്‍.എ.മാരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിന്നിരുന്നത്. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എ.മാരില്‍ 18 പേരെ തിങ്കളാഴ്ച പ്രത്യേകവിമാനത്തില്‍ ബെംഗളൂരുവിലെ റിസോര്‍ട്ടുകളിലെത്തിച്ചാണ് സിന്ധ്യ രാഷ്ട്രീയനാടകത്തിന് തുടക്കം കുറിച്ചത്.

കര്‍ണാടകത്തിലെ ബി.ജെ.പി.നേതാക്കളുടെ സംരക്ഷണത്തിലാണിവരെന്നു സൂചനയുണ്ട്. വിമതനീക്കത്തെ ചെറുക്കാനും അവരെ അനുനയിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി 20 മന്ത്രിമാര്‍ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിക്കു രാജി നല്‍കിയിരുന്നു. ഇതിനിടെയാണ് സിന്ധ്യ തന്നെ പാര്‍ട്ടിവിട്ടത്.

മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടത് സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസിനു ക്ഷീണമായി. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരാണ് 49 വയസ്സുള്ള ഈ 'യുവനേതാവി'ന്റേത്. അച്ഛനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018-ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ നിലനിന്ന അതൃപ്തിക്കൊടുവിലാണ് ഗ്വാളിയര്‍ രാജകുടുംബത്തിലെ ഇളംമുറക്കാരന്റെ കൂറുമാറ്റം. തന്നെ തഴഞ്ഞ് മുഖ്യമന്ത്രിപദം കമല്‍നാഥിനു നല്‍കിയതായിരുന്നു ഭിന്നതയ്ക്കു കാരണം.

ബി.ജെ.പി. സിന്ധ്യക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനംചെയ്തതായാണറിയുന്നത്. 26-ന് മൂന്നുസീറ്റുകളിലേക്കു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് ഉറപ്പിക്കാനും സംസ്ഥാനത്തു ഭരണം തിരിച്ചുപിടിക്കാനും സിന്ധ്യയുടെ വരവ് സഹായിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ പ്രതീക്ഷ. മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതൃസഹോദരിമാരായ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും യശോധര രാജെ സിന്ധ്യയും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയിലേക്കാണ് ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യയുമെത്തുന്നത്.

Content Highlights: Jyotiraditya Scindia joins Bharatiya Janata Party

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mavelikkara murder

1 min

ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും

Jun 9, 2023


Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


petrol

1 min

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Jun 8, 2023

Most Commented