ജോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം | Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യയാണ് രാജ്യത്തിന്റെ പുതിയ വ്യോമയാന മന്ത്രി. ഹര്‍ദീപ് സിങ് പുരിയുടെ പിന്‍ഗാമിയായാണ് ജോതിരാദിത്യ സിന്ധ്യ നിയമിതനാകുന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ 1991 മുതല്‍ 1993 വരെ പിതാവ് മാധവറാവു സിന്ധ്യ വഹിച്ചിരുന്ന പദവിയിലേക്കാണ് 20 വര്‍ഷത്തിന് ശേഷം ജോതിരാദിത്യ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. അച്ഛന്റെ മരണ ശേഷം രാഷ്ട്രീയത്തിലെത്തിയ ജ്യോതിരാദിത്യ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിരുന്നു.
ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോതിരാദിത്യ സിന്ധ്യ 2001 ഡിസംബറിലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വിമാന അപകടത്തില്‍ പിതാവ് മാധവറാവു സിന്ധ്യയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ഗുണ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിന്ധ്യ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. മാധവറാവു സിന്ധ്യയും മറ്റ് ഏഴ് പേരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം 2001 സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ തകര്‍ന്നുവീണ് എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.
ഗുണ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ദേശ് രാജ് സിംഗ് യാദവിനെ 4,50,000 ത്തോളം വോട്ടുള്‍ക്കാണ് സിന്ധ്യ പരാജയപ്പെടുത്തിയത്. 2004 തിരഞ്ഞെടുപ്പില്‍ വിജയിച്ച് അദ്ദേഹം വീണ്ടും ലോക്‌സഭയില്‍ എത്തി. അഞ്ചുവട്ടം പാര്‍ലമെന്റംഗമായ ജോതിരാദിത്യ സിന്ധ്യ നിലവില്‍ രാജ്യസഭാംഗമാണ്. യു.പി.എ. മന്ത്രിസഭയില്‍ ഊര്‍ജവകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.
മധ്യപ്രദേശില്‍ ബി.ജെ.പി.യുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍ മുഖ്യമന്ത്രിയായ കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ബിജെപിയിലെത്തി. സിന്ധ്യ അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും നിലംപൊത്തി.
എന്നാല്‍ വെല്ലുവിളി നിറഞ്ഞ കാലത്താണ് വ്യോമയാന മന്ത്രാലയത്തിലേക്ക് ജോതിരാദിത്യ സിന്ധ്യ എത്തുന്നത്. കോവിഡ് ഏറ്റവുമധികം ആഘാതം ഏല്‍പ്പിച്ച മേഖലകളിലൊന്നാണ് വ്യോമയാന രംഗം. കോവിഡില്‍ തകര്‍ന്നടിഞ്ഞ മേഖലയെ പുനരുജ്ജീവപ്പിക്കുന്നതിനൊപ്പം എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ളവ സിന്ധ്യക്ക് വെല്ലുവിളിയായേക്കും.
Content Highlights: Jyotiraditya Scindia Gets Civil Aviation, Once Headed By His Father
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..