ഗുണ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥാണ് 2018ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിന്ധ്യയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യം പ്രഖ്യാപിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി മാസങ്ങളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ബിജെപി സര്‍ക്കാരിനെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാനെ നേരിടുന്നതിന് തക്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യയെ നിശ്ചയിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ തലമുറയ്ക്ക് കൈമാറുന്നതിന്റെ സൂചനയായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് 46കാരനായ ജ്യോതിരാദിത്യ സിന്ധ്യ.

സിന്ധ്യയെ കൂടാതെ കമല്‍നാഥ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ നേതൃത്വം സിന്ധ്യയ്ക്ക് വിട്ടുകൊടുക്കാന്‍ കമല്‍നാഥ് തയ്യാറായതോടെയാണ് നേതൃത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.