ജസ്റ്റിസുമാരായ ചന്ദ്രചൂഡും നസീറും വിയോജിച്ചു; ജഡ്ജി നിയമനത്തില്‍ തുടര്‍നടപടി വേണ്ടെന്ന് തീരുമാനം


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo-PTI

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ഉള്‍പ്പടെ നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് മുന്നോട്ടുവെച്ച ശുപാര്‍ശയിലെ തുടര്‍നടപടികള്‍ വേണ്ടെന്ന് കൊളീജിയം തീരുമാനിച്ചു. നിയമന നടപടിക്രമങ്ങളില്‍ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും അബ്ദുള്‍ നസീറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിനിടെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് കൈമാറാന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനോട് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജുജു നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍നടപടികള്‍ വേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്.

സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തേണ്ടവരുടെ പേര് ചര്‍ച്ചചെയ്യാന്‍ സെപ്റ്റംബര്‍ 26-ന് സുപ്രീം കോടതി കൊളീജിയം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വിവിധ ഹൈക്കോടതികളിലെ പതിനൊന്ന് ജഡ്ജിമാരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. ഇതില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനോട് കൊളീജിയത്തിലെ എല്ലാ അംഗങ്ങളും യോജിച്ചു. തുടര്‍ന്ന് ആ ശുപാര്‍ശ കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി.



സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടുന്ന മറ്റ് ജഡ്ജിമാര്‍ എഴുതിയ കൂടുതല്‍ വിധി പ്രസ്താവങ്ങള്‍ കൂടി പരിശോധിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മുപ്പതിന് കൊളീജിയം യോഗം വീണ്ടും ചേരാന്‍ തീരുമാനമായി. ഇതിനിടയില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടേണ്ട നാല് പേരുകള്‍ അടങ്ങിയ ചുരുക്ക പട്ടിക ചീഫ് ജസ്റ്റിസ് യു.യു ലളിത് കൊളീജിയം അംഗങ്ങള്‍ക്ക് കൈമാറി.

സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥന് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍ എന്നിവരായിരുന്നു ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സെപ്റ്റംബര്‍ മുപ്പത്തിന് ചേരേണ്ട യോഗം ജസ്റ്റിസ് ചന്ദ്രചൂഡ് ഇല്ലാത്തതിനാല്‍ ചേര്‍ന്നില്ല. സെപ്റ്റംബര്‍ മുപ്പത്തിന് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് രാത്രി ഒമ്പത് മണിവരെ കേസുകളില്‍ വാദം കേട്ടിരുന്നു.

തൊട്ടടുത്ത ദിവസം കോടതി പൂജ അവധിക്ക് അടച്ചതിനാല്‍ കൊളീജിയം അംഗങ്ങള്‍ക്ക് യോഗം ചേരാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ശുപാര്‍ശയ്ക്ക് അംഗീകാരം തേടി ചീഫ് ജസ്റ്റിസ് യു.യു ലളിത് കൊളീജിയത്തിലെ അംഗങ്ങളായ ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി. ശുപാര്‍ശയെ അനുകൂലിക്കുന്നതായി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് കെ എം ജോസഫും ചീഫ് ജസ്റ്റിസിനെ കത്തിലൂടെ അറിയിച്ചു. എന്നാല്‍ നേരിട്ട് യോഗം ചേരാതെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനെ കത്തിലൂടെ ഒക്ടോബര്‍ ഒന്നിന് അറിയിച്ചു. ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ച പേരുകള്‍ വിയോജിപ്പ് അറിയിച്ച ജഡ്ജിമാര്‍ എതിര്‍ത്തില്ല.

ബദല്‍ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍ എന്നിവരോട് ചീഫ് ജസ്റ്റിസ് ഒക്ടോബര്‍ രണ്ടിന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കത്തിന് രണ്ട് ജഡ്ജിമാരും മറുപടി നല്‍കിയില്ല. നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ ഏഴിന് കേന്ദ്ര നിയമ മന്ത്രി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്.

Content Highlights: Justices DY Chandrachud, S Abdul Nazeer objected to finalising recommendation via letter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented