ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പേര് 2018-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. സിംഭൊലി ഷുഗേഴ്‌സ്‌(Simbhaoli Sugars) എന്ന സ്ഥാപനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വര്‍മ്മയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സിംഭൊലി ഷുഗേഴ്‌സിനെതിരേ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

To advertise here,

2014-ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്‌സിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വര്‍മ്മ.  ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്‌ 150 കോടി രൂപ വായ്പ സിംഭൊലി ഷുഗേര്‍സിന് നല്‍കിയിരുന്നു. കര്‍ഷകരെ സഹായിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ എന്നാണ് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ നിലപാട്. എന്നാല്‍, സിംഭൊലി ഷുഗേഴ്‌സ്‌ രേഖകളില്‍ കൃതിമം കാണിച്ചെന്നും വഞ്ചനാപരമായ സമീപനം സ്വീകരിച്ചുവെന്നും ബാങ്ക്  ആരോപിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്‌ നല്‍കിയ പരാതിയിലാണ് 2018-ല്‍ സിംഭൊലി ഷുഗേഴ്‌സ്‌ എന്ന സ്ഥാപനത്തിനെതിരേ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.

അഴിമതി നിരോധനനിയമം ചുമത്തിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡിയും സിംഭൊലി ഷുഗേഴ്‌സിനെതിരേ നടപടി ആരംഭിച്ചിരുന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്‌ പിന്നീട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചിരുന്നു. സിംഭൊലി ഷുഗേഴ്‌സിന് വായ്പ അനുവദിക്കാനുള്ള എസ്ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കി.