Justice K. Vinod Chandran | Photo: Mathrubhumi
ഗുവാഹത്തി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകിയേക്കും. കൊളീജിയം ശുപാര്‍ശ നിലനില്‍ക്കെ ജസ്റ്റിസ് എന്‍.കെ.സിംഗിനെ ഗുവഹാത്തി ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി.
ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്.എം. ഛായ നാളെ വിരമിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിച്ചുകാണ്ട് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കിയത്. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഗുവഹാത്തി ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് എന്‍.കെ.സിംഗ്. അതേസമയം, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി എൻ.കെ. സിങിനെ നിർദേശിച്ചുകൊണ്ടുള്ള കൊളീജിയം ശുപാർശ നിലവിൽ കേന്ദ്ര നിയമ മന്ത്രാലയത്തിൻറ പരിഗണനയിലാണ്. ഈ ശുപാർശ നിലനില്‍ക്കെയാണ് അദ്ദേഹത്തെ ഗുവാഹത്തി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്.
ഡിസംബര്‍ പതിമൂന്നിന് ആണ് കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ നിലവില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ആണ്. കൊളീജിയം ശുപാര്‍ശയില്‍ അന്തിമ തീരുമാനം വൈകിയേക്കുമെന്ന സൂചനയാണ് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്നത്.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശയ്ക്കും മുമ്പ് കൊളീജിയം നല്കിയ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളിധറിന്റെ സ്ഥലംമാറ്റ ശുപാര്‍ശയില്‍ കേന്ദ്രം ഇത് വരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി മുരളിധറിനെ നിയമിക്കാന്‍ ആയിരുന്നു ശുപാര്‍ശ. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാര്‍ശയില്‍ കേന്ദ്രത്തിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം പുതിയ ശുപാര്‍ശ കൈമാറിയത്.
Content Highlights: Justice Vinod Chandran, Guwahati High Court Chief Justice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..