മരടിലെ ഫ്ളാറ്റുകളിലൊന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചപ്പോൾ | File Photo - Mathrubhumi archives
ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന് രൂപവത്കരിച്ചു. കല്‍ക്കട്ട, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെയാണ് സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.
നിര്‍മ്മാണത്തിന് ഉത്തരവാദികളായ ബില്‍ഡര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ടെത്തത്താനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്കാന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. വേനല്‍ അവധികഴിഞ്ഞാല്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് ജസ്റ്റിസ്മാരായ എല്‍. നാഗേശ്വര്‍ റാവു, ബി.ആര്. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം ഷെഫീക്കിനെ അന്വേഷണ കമ്മീഷനായി നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ.എം ഷെഫീക്കിനെ നിയമിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരില്‍നിന്ന് ഫ്ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ നഷ്ടപരിഹാരമായി നല്കിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, നിര്‍മ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, തദ്ദേശ സ്വയം ഭരണ സ്ഥാപനമോ ആണ് നിര്‍മാണത്തിന് ഉത്തരവാദികളെങ്കില്‍ അവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, റാണ മുഖര്‍ജി, സിദ്ധാര്‍ഥ് ദാവെ, അഭിഭാഷകരായ ഹാരിസ് ബീരാന്, കെ. രാജീവ്, എ. കാര്‍ത്തിക് എന്നിവര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. ഫ്ളാറ്റ് ഉടമകള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ്, മീനാക്ഷി അറോറ, മഹാവീര്‍ സിങ് എന്നിവര്‍ ഹാജരായി.
Content Highlights: Maradu flats supreme court Justice Thottathil B Radhakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..