കൊച്ചി: ലോക നിയമചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച മലയാളി ന്യായാധിപന് രാജേന്ദ്ര മേനോന് ഡല്‍ഹി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്നും വേദനിക്കുന്ന, മുറിപ്പാടുകള്‍ ഉണങ്ങാതെ നില്ക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം നല്കാന് കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് പുതിയ പദവിയില്‍ എത്തുന്നതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന് മാതൃഭൂമി.കോമിനോട് പറഞ്ഞു.
ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് അദ്ദേഹത്തെ ഡല്‍ഹി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ അദ്ദേഹം ഭോപ്പാല്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കമ്മീഷന്റെ ചെയര്‍മാനായിരുന്നു. 2010 മുതല്‍ അഞ്ച് വര്‍ഷം ഈ പദവിയില്‍ സേവനമനുഷ്ഠിച്ചു. വാതകദുരന്തം അനുഭവിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരന്തങ്ങള്‍ക്ക് ഇരയായി ഇന്നും ജീവിക്കുന്നവര്‍ക്ക് ഏതാണ്ട് 2000 കോടിയുടെ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിട്ടത് അദ്ദേഹമാണ്.
തന്റെ മുന്നില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജിയുമായി എത്തിയവരുടെ കഥനകഥകള്‍ ന്യായാധിപനെ വേദനിപ്പിച്ചു. ശാരീരിക അസുഖങ്ങളും വൈകല്യങ്ങളും നിരവധിയായിരുന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നവര്‍, വൃക്കകള്‍ക്കും കരളിനും തകരാറ് നേരിട്ടവര്‍. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവര്‍. നീണ്ടനേരം ചുമച്ച് കഫം തുപ്പുന്നവര്‍. കോടതി മുറിയില്‍ ഹാജരായിരുന്ന ചിലര്‍ക്ക് മനുഷ്യരൂപം നഷ്ടപ്പെട്ടിരുന്നു.
വാഹന അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന വ്യവസ്ഥകളും തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടായിരുന്നു ഓരോ ഹര്‍ജികളിലും വാദം കേട്ട് വിധി എഴുതിയിരുന്നതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന് പറഞ്ഞു. പതിനായിരക്കണക്കിന് കേസില്‍ വിധി പറഞ്ഞു. 2000 കോടിയുടെ നഷ്ടപരിഹാരം നല്കി.
നഷ്ടപരിഹാരം നല്കാന് പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. കേസില്‍ വാദം നടന്നപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ മഹത്തായ സംരംഭവുമായി സഹകരിച്ചു. കേസുകള്‍ ഇനിയും തീര്പ്പുകല്പിക്കാനുണ്ട്. ഡോക്ടര്‍മാര്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകളും തെളിവുകളുമാണ് വിധിക്ക് ആധാരമാക്കിയത്.
വേദനിക്കുന്നവരുടെ ശബ്ദമാണ് കോടതി മുറിയില്‍ മുഴങ്ങിയത്. നീതിയെ കാരുണ്യത്തോടിണക്കിക്കൊണ്ട് അവര്‍ക്കെല്ലാം ആശ്വാസം നല്കാന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ തീര്പ്പുകല്പിക്കാന് ഭഗീരഥ പ്രയത്നമായിരുന്നു. അഞ്ച് വര്‍ഷം അവധിക്കാലത്ത് പോലും അതില്‍ മുഴുകി.
1984 ഡിസംബര്‍ മൂന്നിനായിരുന്നു വാതക ദുരന്തം. യൂണിയന് കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറി ഭോപ്പാലിലായിരുന്നു. മീഥൈല്‍ ഐസോസ്യനൈറ്റ് എന്ന വിഷാംശം ചോര്‍ന്ന് ഭോപ്പാലിനെയും പരിസരത്തെയും വിഴുങ്ങി. ദുരന്തത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കണക്കുകള്‍ ഇന്നും അവ്യക്തം. 3700 പേര് മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പേര് മരിച്ചുവെന്നാണ്. അഞ്ച് ലക്ഷം പേര്‍ക്ക് പരിക്കുപറ്റി.
ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭോപ്പാലിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ആശുപത്രിയില്‍ എത്തിയവരെ എങ്ങനെ ചികിത്സിക്കണമെന്ന് അറിയാതെ ഡോക്ടര്‍മാരും നഴ്സുമാരും പരിഭ്രാന്തരായി. ദുരന്തം നടന്ന ഘട്ടത്തില്‍ രാജേന്ദ്രമേനോന്‍ ജബല്‍പ്പൂരില്‍ അഭിഭാഷകനായിരുന്നു. അവിടെയാണ് ജനിച്ചുവളര്‍ന്നത്. 2002 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി. 2017 മാര്‍ച്ചില്‍ ബിഹാര്‍ ചീഫ് ജസ്റ്റിസായി.
ഭോപ്പാലില്‍ പ്രത്യേക ആശുപത്രികളും സ്ഥാപിക്കപ്പെട്ടു. ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ ഇപ്പോഴും അവിടെ ചികിത്സയ്ക്കെത്തുന്നു. ഏതാണ്ട് 10 ലക്ഷം പേര്‍ക്ക് ഇതുവരെയായി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കമ്മീഷന് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..