ന്യൂഡല്‍ഹി : ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണനയ്‌ക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാന്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാന്‍ നിര്‍ദേശിച്ചത്. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസാണ് ശബരിമല കേസ്. പക്ഷെ തുഷാര്‍ മേത്തയോട് ശബരിമല കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് നരിമാൻ നിർദേശം വെച്ചത്. തികച്ചും അസാധാരണമായ നടപടിയാണ് ജസ്റ്റിസ് നരിമാന്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് നിയമവിദഗ്ധർ പറയുന്നത്. 

"ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഞങ്ങളുടെ ഭിന്ന വിധി നിങ്ങള്‍ വായിച്ചു നോക്കണം. ഞങ്ങളുടെ ഉത്തരവുകള്‍ നിങ്ങള്‍ക്ക് കളിക്കാനുള്ളതല്ല. നിങ്ങളുടെ സര്‍ക്കാരിനോട് ഞങ്ങളുടെ ഉത്തരവിലെ നിലപാട് അറിയിക്കൂ" എന്നാണ് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറലോട് പറഞ്ഞത്.

എന്നാല്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിനു ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്ത് പോയപ്പോഴും പ്രതികരിച്ചില്ല.

അതേസമയം ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യഹര്‍ജിക്കെതിരേ ഇ.ഡി നല്‍കിയ ഹര്‍ജിയുടെ കോപ്പി പേസ്റ്റാണ് ഡികെ ശിവകുമാരിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഇഡി നല്‍കിയതെന്നത് ജസ്റ്റിസ് നരിമാനെ ചൊടിപ്പിച്ചു. ഹര്‍ജിയില്‍ ഡികെ ശിവകുമാറിനെ മുന്‍ ആഭ്യന്തര മന്ത്രി എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ ഹര്‍ജി കോപ്പി പേസ്റ്റ് ചെയ്തപ്പോഴാണ് മുന്‍ ആഭ്യന്തരമന്ത്രി എന്ന പരാമര്‍ശം കടന്നു കൂടിയത്. ഇതിനെയും ശക്തമായ ഭാഷയില്‍ നരിമാന്‍ വിമര്‍ശിച്ചു. ഇങ്ങനെയല്ല പൗരന്‍മാരോട് പെരുമാറേണ്ടതെന്നും കോപ്പി പേസ്റ്റ് ചൂണ്ടിക്കാട്ടി നരിമാന്‍ പറഞ്ഞു.

ശബരിമലവിധി തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്നലെ നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. 

content highlights: Justice Nariman reacts to solicitor general on Sabarimala review verdict