-
ന്യൂഡല്‍ഹി: നട്ടെല്ലുള്ള ന്യായാധിപന്‍ എന്നാണ് ജസ്റ്റിസ് എസ്.മുരളീധറിനെ ഡല്‍ഹി ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ വിശേഷിപ്പിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ജസ്റ്റിസ് മുരളീധര്‍ ചില നിര്‍ണായക വിധികളിലൂടെ നേരത്തെയും ശ്രദ്ധേയനായിട്ടുണ്ട്.
ശ്രദ്ധേയമായ വിധികള്‍
2009-ലെ നാസ് ഫൗണ്ടേഷന്‍ കേസില്‍ ആദ്യമായി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് എസ്.മുരളീധര്‍. 2018-ല്‍ മുരളീധറിന്റെ മിക്ക വിധികളും വലിയ വാര്‍ത്താപ്രധാന്യം നേടി. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട ഗൗതം നവല്‍ക അടക്കമുള്ള ബുദ്ധിജീവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചതാണ് ഇതില്‍ ശ്രദ്ധേയം. 1986-ല്‍ കൂട്ടക്കൊല നടത്തിയ യുപി പ്രൊവിന്‍ഷ്യല്‍ ആര്‍മിഡ് കോണ്‍സ്റ്റബുലറി അംഗങ്ങളെ ശിക്ഷിച്ച വിധിയും അദ്ദേഹത്തിന്റേതായിരുന്നു.
1984-ലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയതും ജസ്റ്റിസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. 2018-ല്‍ തന്നെയായിരുന്നു അത്. കേസില്‍ അലസത കാണിച്ചുവെന്ന് പ്രോസിക്യൂഷനെതിരെ രൂക്ഷവിമര്‍ശനും മുരളീധര്‍ നടത്തുകയുണ്ടായി.
2019-ല്‍ സ്‌കൂള്‍ ഫിസ് വര്‍ധനയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ നിര്‍ണായ വിധിയുണ്ടായി.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ ചില സുപ്രധാന വിധികളുണ്ടായി. എത്ര ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട് അപേക്ഷകന് അനുകൂലമായി വിധിച്ച ബെഞ്ചിലെ അംഗമായിരുന്നു മുരളീധര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരവകാശ പരിധിയില്‍ വരുമെന്ന് 2010 ജനുവരി 10-ന് മുരളീധര്‍ ഉള്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി ഫുള്‍ ബെഞ്ച് വിലയിരുത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി..ബാലകൃഷ്ണന് ഇതിനോട് വ്യക്തിപരമായി എതിര്‍പ്പായിരുന്നു.
ആര്‍എസ്എസ് ആചാര്യന്‍ എസ്.ഗുരുമൂര്‍ത്തി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ജസ്റ്റിസ് മുരളീധര്‍ അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കേസെടുത്ത് നടപടി ആരംഭിച്ചു. ഇതേ തുടര്‍ന്ന് എസ്.ഗുരുമൂര്‍ത്തി ട്വീറ്റ് പിന്‍വലിക്കുകയും നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ തന്നെ മുരളീധറിനെ സ്ഥലം മാറ്റാനുള്ള നീക്കം നടന്നിരുന്നതായാണ് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
മുരളീധറിനെ സ്ഥലം മാറ്റാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ 14 ദിവസത്തിന് ശേഷം ബുധനാഴ്ച രാത്രിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. വ്യത്യസ്ത ഉത്തരവുകളായി മറ്റു രണ്ടു ജഡ്ജിമാരുടെ സ്ഥലം മാറ്റവും ബുധനാഴ്ച രാത്രി ഇറക്കുകയുണ്ടായി.
ഡല്‍ഹി കലാപത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളില്‍ മൂന്ന് സിറ്റിങ്ങുകളാണ് സ്ഥലം മാറ്റത്തിന് മുമ്പായി ജസ്റ്റിസ് മുരളീധര്‍ നടത്തിയിരുന്നത്.
സ്ഥലംമാറ്റത്തിന് മുമ്പുള്ള മൂന്ന് സിറ്റിങുകള്‍
ആദ്യ സിറ്റിങ് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു. കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തര ഹര്‍ജി പുലര്‍ച്ചെ ഒരുമണിയോടെ തന്റെ വസതിയിലാണ് അദ്ദേഹം പരിഗണിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കണമെന്ന് ആശുപത്രികളോടും യാത്രാ സൗകര്യമടക്കം ഒരുക്കി നല്‍കണമെന്ന് പോലീസിനോടും നിര്‍ദേശിച്ച്‌ക്കൊണ്ട് മുരളീധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് രണ്ടാമത്തെ സിറ്റിങ്. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിദ്വേഷ പ്രസംഗ നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ് നിസ്സംഗത പാലിച്ചുവെന്ന് പറഞ്ഞ ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.
ഒന്നാമത്തെ സിറ്റിങിന്റെ ബാക്കിയായിരുന്നു മൂന്നാം സിറ്റിങ്. രാജ്യത്ത് 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്രമം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം തുടങ്ങിയ പ്രസ്താവങ്ങളാണ് അദ്ദേഹം ഈ സിറ്റിങില്‍ പുറപ്പെടുവിച്ചിരുന്നത്.
ഫിറ്റ്‌നസ് ഫ്രീക്ക്
അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ജസ്റ്റിസ് മുരളീധര്‍ ഫിറ്റ്‌നസ് ഫ്രീക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ദിവസവും രാവിലെ നടത്തം, മറ്റു വ്യായാമ മുറകള്‍. എല്ലാ ഞായറാഴ്ചയും മറ്റു ജഡ്ജിമാര്‍ക്കൊപ്പം ഡല്‍ഹിയിലെ ലോധി ഗാര്‍ഡനില്‍ അദ്ദേഹം സൈക്കിള്‍ സവാരി നടത്തും. 1984-ല്‍ ചെന്നൈയിലാണ് മുരളീധര്‍ നിയമ പരിശീലനം ആരംഭിക്കുന്നത്. 2006-ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്. സാങ്കേതിക-വിവരാവകാശ നിയമ വിദഗ്ദ്ധയായ ഉഷാ രാമനാഥന്‍ ആണ് ഭാര്യ.
Content Highlights: Justice Muralidhar-verdicts-history-life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..