ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇന്ത്യയില്‍ നീതിപൂര്‍ണ്ണമായ വിചാരണ ലഭിക്കില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. നീരവ് മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിയില്‍ നാളെ സാക്ഷിയായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഹാജരാകും. വിഡിയോ കോണ്‍ഫെറെന്‍സിലൂടെയാണ് കട്ജു ഹാജരാകുന്നത്.

ഹാജരാകുന്നതിന് മുന്നോടിയായി ജസ്റ്റിസ് കട്ജു തന്റെ നിലപാട് കോടതിക്ക് എഴുതി നല്‍കി. നീരവ് മോദിക്കെതിരെ ഇന്ത്യയില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. വിദ്വേഷം നിലനില്‍ക്കുന്ന ഈ അവസ്ഥയില്‍ നീതിപൂര്‍ണ്ണമായ വിചാരണ നീരവ് മോദിക്ക് ലഭിക്കില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ നിരവ് മോദി ക്രിമിനലും കുറ്റക്കാരനുമാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. നിയമമന്ത്രി കുറ്റക്കാരനാണെന്ന് പറഞ്ഞ വ്യക്തിക്ക് എങ്ങനെ കോടതിയില്‍ നിന്ന് നീതി പൂര്‍ണ്ണമായ വിചാരണ ലഭിക്കുമെന്നും കട്ജു കോടതിയില്‍ എഴുതി നല്‍കിയ പ്രസ്താവനയില്‍ ആരാഞ്ഞു.

1976-ലെ എ.ഡി.എം. ജബല്‍പൂര്‍ വിധിക്ക് ശേഷം ഏറ്റവും നാണംകെട്ട വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. നരേന്ദ്ര മോദി സര്‍ക്കാരിന് പാദസേവ ചെയ്യുകയാണ് ഇന്ത്യന്‍ ജുഡീഷ്യറിയെന്നും കട്ജു ആരോപിച്ചു. തന്റെ നിലപാട് സാധൂകരിക്കുന്നതിനായി 2018-ല്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നടത്തിയ വാര്‍ത്ത സമ്മേളനവും കോടതിയില്‍ എഴുതി നല്‍കിയ പ്രസ്താവനയില്‍ കട്ജു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാളെ കോടതിയില്‍ സാക്ഷിയായി ഹാജരാകുമെങ്കിലും നീരവ് മോദിക്കെതിരായ കേസിന്റെ മെറിറ്റിലേക്ക് കടക്കുകയില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു അറിയിച്ചു.

content highlights: Justice Markandey Katju To Depose In UK Court Against Nirav Modi's Extradition To India