കൊച്ചി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന സുപ്രീം കോടതി ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കഴിഞ്ഞ ദിവസം തങ്ങള്‍ ഉന്നയിച്ച കാര്യത്തില്‍ പരിഹാരം ഉണ്ടായി കഴിഞ്ഞതായി കരുതുന്നുവെന്ന് കുര്യന്‍ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നറിയാവുന്നത് കൊണ്ടാണ് സംഭവങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ കണ്ടത്. ജുഡീഷ്യറിക്ക് അകത്തുള്ള തിരുത്തലുകളാണ് വേണ്ടത്. പ്രശ്‌ന പരിഹാരത്തിന് പുറത്ത് നിന്നുള്ള ഇടപെടുലകള്‍ ആവശ്യമില്ല. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിച്ചുവെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നാല് ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലി ലോകൂര്‍ എന്നിവരായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ വാര്‍ത്താ സമ്മേളനം ഏതെങ്കിലും ഒരു വ്യക്തിക്ക് എതിരല്ലെന്നും ഒരു സ്ഥാപനത്തിന്റെ കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും കുര്യന്‍ ജോസഫ് കൊച്ചിയില്‍ പറഞ്ഞു.