ന്യൂഡല്‍ഹി:  സുപ്രീംകോടതി ജസ്റ്റിസ് പദവിയില്‍ നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് നാളെ വിരമിക്കും. അഞ്ച് വര്‍ഷത്തെ സേവന കാലാവധിക്കിടെ ആയിരത്തി മുപ്പത്തി അഞ്ച് വിധി ന്യായങ്ങള്‍ എഴുതി റെക്കോഡ് നേട്ടത്തോടെയാണ് ജസ്റ്റിസ് കുര്യന്‍ വിരമിക്കുന്നത്.

കേരള ഹൈക്കോടതിയില്‍ 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപെട്ടത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചിലാണ് സുപ്രീംകോടതി ജഡ്ജിയായി ഇദ്ദേഹത്തെ നിയമിച്ചത്. 

അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവന കാലാവധിക്കിടെ 1035 വിധി ന്യായങ്ങള്‍ അദ്ദേഹം എഴുതി. ആയിരത്തില്‍ കൂടുതല്‍ വിധി ന്യായങ്ങള്‍ എഴുതിയ സുപ്രീംകോടതിയിലെ ആദ്യ പത്ത് ജഡ്ജിമാരില്‍ ഇടം നേടിയാണ് ജസ്റ്റിസ് കുര്യന്‍ വിരമിക്കുന്നത്. ചരിത്രം രചിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാള്‍. മുത്തലാഖ്, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്നിവ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചതും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാങ്ങളുടെ സ്ഥാനകയറ്റത്തിന് ക്രീമിലയര്‍ മാനദണ്ഡം ശരിവച്ചതും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെട്ട ഭരണഘടന ബഞ്ചാണ്.

വധശിക്ഷ പുനഃപരിശോധിക്കണമെന്നും അദ്ദേഹം വിധി എഴുതി. പൊതുവികാരത്തിനനുസരിച്ച് വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി മുന്നംഗ ബഞ്ചില്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജിച്ച് എഴുതിയ വിധി പ്രസ്താവത്തില്‍ അദ്ദേഹം അഭിപ്രായപെട്ടു. 

കുടുംബ തര്‍ക്കങ്ങള്‍,വിവാഹ മോചനങ്ങള്‍ എന്നിവയുമായി ബന്ധപെട്ട കേസുകളിലെ അദ്ദേഹത്തിന്റെ വിധി ന്യായങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോടതി ഇടപെടല്‍ സഹായിച്ചതിന് നന്ദി അറിയിച്ച് മകന്‍ അയച്ച കത്ത് അദ്ദേഹം വിധി ന്യായത്തിന്റെ ഭാഗമാക്കി പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപീക്കാന്‍ ഡല്‍ഹിയില്‍ കോടതികള്‍ കേന്ദ്രീകരിച്ച് നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ നിരയില്‍ നിന്നത് ജസ്റ്റിസ് കുര്യന്‍ ജോസഫാണ്. കുര്യന്‍ ജോസഫ് വിരമിക്കുന്നതോടെ സുപ്രീകോടതിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങും. ജസ്റ്റിസ് കെ എം ജോസഫാണ് സുപ്രീംകോടതിയിലെ മറ്റൊരു മലയാളി ജഡ്ജി.  

Content Highlights:Justice Kurian Joseph, Supreme Court, Kerala