ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നു.  സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് കെ.എം. ജോസഫിന്റെ പേരുള്ളത്.

സംഭവത്തില്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ തിങ്കളാഴ്ച പ്രതിഷേധമറിയിക്കും. കേന്ദ്രനടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ പറയുന്നു. കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം. 

ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പേര് നിര്‍ദ്ദേശിച്ചിരുന്നു. കൊളീജിയം നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. 

കെ. എം. ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചതിന് ശേഷമാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ശേഷമായാണ് കേന്ദ്രം കെ.എം. ജോസഫിനെ പരിഗണിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കുക.