ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാരിന് ചര്‍ച്ചകളിലൂടെയും കോടതിവിധി നടപ്പിലാക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങി ഇരുപതിലധികം പേര്‍ക്കെതിരെ  ഓര്‍ത്തോഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തിടത്തോളം കോടതിയലക്ഷ്യ നടപടി ആകില്ല. ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് എങ്ങനെ കോടതിയലക്ഷ്യ നടപടിയാകും എന്ന് ബെഞ്ച് ആരാഞ്ഞു. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് മധ്യസ്ഥ ചര്‍ച്ചയും നടത്താം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കോടതി ഇടപെടുന്നില്ല. മലങ്കര കേസിലെ വിധി നടപ്പിലാക്കാതെ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചത് കോടതിയലക്ഷ്യം ആണെന്ന് ഓര്‍ത്തോഡോക്‌സ് സഭയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോളാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇങ്ങനെ പ്രതികരിച്ചത്. മന്ത്രിസഭാ ഉപസമിതി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ തടയണമെന്ന ഓര്‍ത്തോഡോക്‌സ് സഭയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. 

മലങ്കര സഭാ തര്‍ക്ക കേസ് പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്നതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. താന്‍ തന്നെ 20- ഓളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസില്‍ സുപ്രീം കോടതി വിധിക്ക് എതിരെ കീഴ്‌കോടതികള്‍ ഉത്തരവ് പുറപ്പടുവിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ വിഷയങ്ങളില്‍ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ഓര്‍ത്തോഡോക്‌സ് സഭ കുറ്റപ്പെടുത്തി. യാക്കോബായ സഭയുടെ പുരോഹതിരെ ഒഴിവാക്കി, ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങി നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഓര്‍ത്തോഡോക്‌സ് സഭ പുതിയ അപേക്ഷ നല്‍കിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം തേടാമെന്നും കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തിനു ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. 1934ലെ  മലങ്കര സഭാ ഭരണഘടന പ്രകാരം മലങ്കര സഭാ പള്ളികളില്‍ ഭരണം നടത്തണമെന്ന  2017ലെ സുപ്രീംകോടതി വിധി വരിക്കോലി, ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ, മണ്ണത്തൂര്‍ പള്ളികളില്‍ നടപ്പിലാക്കുന്നില്ലെന്ന് ഓര്‍ത്തോഡോക്‌സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

Content Highlights: Orthodox Faction's plea rejected