മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ വക്കിലെത്തിയ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതുപോലെയാണ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ ബിജെപി നേതാക്കള്‍ പെരുമാറുന്നതെന്ന് ശിവസേന. 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശം.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയുംചെയ്ത ട്രംപിനെപ്പോലെയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ പെരുമാറുന്നത്. ആത്മഹത്യാ പ്രേരണക്കേസില്‍ കുറ്റാരോപിതനെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പേരെടുത്ത് പറയാതെയാണ് ശിവസേന വിമര്‍ശം ഉന്നയിച്ചത്. 

ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇവയ്ക്കുള്ള മറുപടിയാണ് ശിവസേന നല്‍കിയിട്ടുള്ളത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരെ ഗുജറാത്ത് കലാപം അടക്കമുള്ള കേസുകളില്‍ വിചാരണ ചെയ്തിട്ടുണ്ട്. അവരെ പിന്നീട് വെറുതെവിട്ടു. എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നോ പ്രതികാരമാണെന്നോ ബിജെപി പറഞ്ഞിട്ടില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി. 

റിപ്പബ്ലിക് ടി.വി നല്‍കാനുള്ള പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ ഇറക്കി അടിയന്തരാവസ്ഥയുടെ പേരില്‍ വിമര്‍ശം ഉന്നയിക്കാനുള്ള നീക്കത്തെക്കുറിച്ചും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. മുന്‍ പ്രധാനമന്ത്രിയുമായി ഉദ്ധവിനെ താരതമ്യം ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് ശിവസേന പറയുന്നത്. 

ഇത്തരം പോസ്റ്ററുകള്‍ ഇറക്കുന്നത് ബാലിശം മാത്രമല്ല അജ്ഞതയും വെളിപ്പെടുത്തുന്നതാണ്. 1971 ല്‍ പാകിസ്താനെ രണ്ടായി പിളര്‍ത്തി ഇന്ത്യാ വിഭജനം ഒഴിവാക്കിയ ഉരുക്ക് വനിതയാണ് ഇന്ദിരയെന്നും സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു. ഗോസ്വാമി പുറത്തിറങ്ങുന്നതുവരെ കറുത്ത ബാഡ്ജ് ധരിക്കുമെന്ന പ്രസ്താവനയേയും ശിവസേന പരിഹസിച്ചിട്ടുണ്ട്. അര്‍ണബ് പുറത്തിറങ്ങുന്നതുവരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിക്കാതിരുന്നത് നന്നായി എന്നായിരുന്നു ശിവസേനയുടെ പരിഹാസം.

കടപ്പാട് - Hindustan Times
 
Content Highlights: Just Like Trump: Shiv Sena's latest jibe against BJP over Arnab's arrest