കൊല്‍ക്കത്ത: രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ആ അവകാശവാദം(18-വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നത്) വെറും തട്ടിപ്പാണ്. കേന്ദ്രം ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല- മമത മാധ്യമങ്ങളോടു പ്രതികരിച്ചു.

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ പരിഗണിച്ചാല്‍, അര്‍ഹരായ വിഭാഗത്തിലുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ വേണ്ടിവരുമെന്നും മമത പറഞ്ഞു. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന അഭിപ്രായ സമന്വയത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പട്‌നായിക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തോട് യോജിക്കുന്നതായും മമത പറഞ്ഞു. 

പശ്ചിമ ബംഗാളിലെ 10കോടി വരുന്ന ജനസംഖ്യയില്‍ 1.4 കോടിയാളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാനായെന്നും മമത പറഞ്ഞു. കേന്ദ്രം സസംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. ലഭിക്കുന്ന കുറച്ച് വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയേ മതിയാകൂ- മമത കൂട്ടിച്ചേര്‍ത്തു. 

content highlights: just a hoax-mamata on union governments claim to vaccinate adult people by 2021