ജൂഹി ചൗള, ആര്യൻ ഖാൻ. photo: PTI
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന് ഖാന് ആള്‍ജാമ്യം നിന്നത് ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായി ജൂഹി ചൗള. ഒരുലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. ആള്ജാമ്യക്കാരെ ഹാജരാക്കി കോടതി നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചര മണിക്കുള്ളില്‍ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ആര്യന്റെ മോചനം ഇന്നും സാധ്യമായില്ല. ശനിയാഴ്ച രാവിലെ ആര്യന് ജയിലിന് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.
കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും അനാവശ്യ പ്രസ്താവനകള്‍ നടത്തരുത് തുടങ്ങിയ 14 കര്‍ശന നിര്‍ദേശങ്ങളും ജാമ്യ വ്യവസ്ഥയിലുണ്ട്.
എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്നും മുംബൈയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മുന്‍കൂട്ടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ജാമ്യ കാലയളവില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും എന്‍സിബി ഓഫീസില്‍ ഹാജരാകണം, വിചാരണ വൈകിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്സില്‍ ലഭിച്ചാല്‍ മാത്രമേ ജാമ്യം ലഭിച്ചവര്‍ക്ക് അന്നുതന്നെ പുറത്തിറങ്ങാന്‍ സാധിക്കൂ. ഇതിനായി ആര്യന്റെ അഭിഭാഷകര്‍ തീവ്രശ്രമം നടത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാലാണ് ജയില്‍ മോചനം നീണ്ടത്. ഇതോടെ ഒരു രാത്രികൂടി ആര്യന് ജയിലിനുള്ളില്‍ തന്നെ കഴിയും. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവരും ശനിയാഴ്ച ജയില്‍ മോചിതരാകും.
ഓക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിലെ റെയ്ഡിനിടെ ആര്യനേയും സംഘത്തേയും നാര്‍കോട്ടിക് കണ്ട്രോള് ബ്ര്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.
content highlights: Juhi Chawla signs 1 lakh bond for Aryan Khan's bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..