മുംബൈ: അഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. 

14 ദിവസത്തേക്കാണ് സാധാരണയായി കോടതി കസ്റ്റഡി കാലാവധി നീട്ടാറുള്ളത്. എന്നാല്‍ നവംബര്‍ നാലിന് ദിപാവലി അവധിക്കായി കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യന്റെ കസ്റ്റഡി കാലാവധി ഒമ്പത് ദിവസത്തേക്ക് മാത്രം നീട്ടിയത്. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈയിലെ എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ആര്യന്റെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 26നാണ് ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. 

ഇതിനിടെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യനെ കാണാന്‍ വ്യാഴാഴ്ച ഷാരൂഖ് ഖാന്‍ ജയിലിലെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ജയിലിലെത്തി ആര്യനെ കണ്ടത്. 20 മിനിട്ടോളം ഇരുവരും സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദര്‍ശിക്കാന്‍ സാധിച്ചത്. 

ജയില്‍ സന്ദര്‍ശനത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഷാരൂഖിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖിന്റെ വീട്ടിലെ റെയ്ഡ്

പുതുമുഖ നടി അനന്യ പാണ്ഡയെയുടെ വീട്ടിലും എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അനന്യയുടെ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിനുപിന്നാലെ എന്‍സിബി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ട് മണിക്കൂറോളം അനന്യയെ അന്വേഷണ സംഘം ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്. 

ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. അനന്യയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ ലഹരി ഇടപാട് സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നാണ് വിവരം. കേസില്‍ അനന്യ നിര്‍ണ്ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

content highlights: Judicial custody of Aryan Khan extended till Oct 30