സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്ത് നല്കി. എന്നാല്‍ ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍.
സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്പെടുത്തണെമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ജഡ്ജി നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന് നല്കിയ കത്തില്‍ കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് ഒന്നര മാസം മുമ്പ് നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊളീജിയത്തിന് കേന്ദ്ര നിയമ മന്ത്രി കത്ത് നല്‍കിയത്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച മുന്‍ ജഡ്ജി രുമ പാല് ഉള്‍പ്പടെയുള്ള പല ജഡ്ജിമാരും കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് സ്വീകാര്യമല്ലെന്നാണ് സൂചന. വളഞ്ഞ വഴിയിലൂടെ എന്‍ജെഎസി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജഡ്ജിമാരുടെ ആശങ്ക. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപിടിലാണ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന് കൗള്‍, കെ. എം. ജോസഫ്, എം. ആര്. ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.
Content Highlights: judges reject the demand to make government representatives in collegium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..