ഗുഡ്ഗാവ്:  ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ ഭാര്യയെയും മകനേയും വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ ജഡ്ജ് ക്രിഷന്‍കാന്ത്  ശര്‍മയുടെ ഭാര്യയേയും മകനേയുമാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. 

ഗുഡ്ഗാവിലെ സെക്ടര്‍ 49 ല്‍ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. നിരവധി ആള്‍ക്കാരുടെ മുന്നില്‍വെച്ചാണ് ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഫരിദാബാദില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ജഡ്ജിയുടെ ഭാര്യ ഋതു( 38) മകന്‍ ധ്രുവ് (18) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഷോപ്പിങ്ങിനായി എത്തിയതായിരുന്നു ഇവര്‍. ആ സമയം ഒപ്പമുണ്ടായിരുന്ന മഹിപാല്‍ സിങ് ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയൈായിരുന്നു. തുടര്‍ന്ന് ഭാര്യയ്ക്കും മകനും നേരെ നിറയൊഴിച്ചെന്ന് ജഡ്ജിയെ ഫോണില്‍ വിളിച്ച് ഇയാള്‍ അറിയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇവര്‍ വന്ന കാറില്‍ കയറിയാണ് മഹിപാല്‍ രക്ഷപ്പെട്ടത്. ഋതുവിന്റെ നെഞ്ചിലും മകന്‍ ധ്രുവിന് തലയ്ക്കുമാണ് വെടിയേറ്റത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതുവിന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ധ്രുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. 

വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ക്രിഷന്‍കാന്തിന്റെ പേഴ്‌സണ്‍ സെക്യൂരിറ്റി ഗാര്‍ഡാണ് മഹിപാല്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.