സിപ്പി സിദ്ധു
ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിങ്ങിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. എന്നാല്‍ സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നാണ് കരുതപ്പെടുന്നത്. മുഖ്യപ്രതിയെ സഹായിച്ചത് കല്യാണി സിംഗ് ആണെന്നാണ് സൂചന.
2015 സെപ്തംബര്‍ 20നാണ് കോര്‍പ്പറേറ്റ് അഭിഭാഷകനും ദേശീയ ഷൂട്ടിങ്ങ് താരവുമായ സുഖ്മാന്‍ സിങ്ങ് സിപ്പി സിദ്ധുവിന്റെ മൃതദേഹം വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ ഛണ്ഡീഗഢിലെ പാര്‍ക്കില്‍ കണ്ടെത്തിയത്. 2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വര്‍ണം നേടിക്കെടുത്ത താരമാണ് സിദ്ധു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്എസ് സിദ്ധുവിന്റെ ചെറുമകന് കൂടിയാണ് കൊല്ലപ്പെട്ട സിപ്പി സിദ്ധു.
2016ലാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. കൊലപാതകിക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടെന്ന സൂചന കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സിബിഐ പ്രഖ്യാപിച്ചെങ്കിലും 2020 വരെ പ്രതിയെക്കുറിച്ചോ കൂട്ടാളിയായ സ്ത്രീയെ കുറിച്ചോ ഉള്ള സൂചനകളൊന്നും സിബിഐക്ക് ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയവും സിബിഐ തേടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കല്ല്യാണി സിങ്ങിന്റെ പങ്ക് സിബിഐ കണ്ടെത്തിയത്.
കല്ല്യാണിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കല്ല്യാണി സിങ്ങിനെ അടുത്ത നാല് ദിവസം സിബിഐ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..