ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. 13 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ കണ്ടത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്താമെന്ന് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

15 പാര്‍ട്ടികളിലെ 114 എംപിമാര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചത്. 'ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. സമാനരീതിയില്‍ രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ അനുകൂല പ്രതികരണമാണ് രാഷ്ട്രപതി നടത്തിയത്'- രാഹുല്‍ഗാന്ധി പറഞ്ഞു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വാദം കേട്ട ദിവസം തന്നെയാണ് പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ കണ്ടത്.

വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റിയിരുന്നു. നേരത്തെ ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിഷയം വളരെയധികം ഗൗരവമര്‍ഹിക്കുന്നതാണെന്നും അന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഷൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജി ലോയ 2014 ഡിസംബര്‍ 1നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള ലോയയുടെ സഹോദരിയുടെ വാദം കഴിഞ്ഞ നവംബറില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിഷയം വിവാദമായത്.