കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ നഡ്ഡ, ബർദ്ദമാൻ ജില്ലയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

തന്നെ സ്വീകരിക്കാൻ ബംഗാളിലെ ജനങ്ങൾ കാട്ടുന്ന താൽപര്യം വ്യക്തമാക്കുന്നത് അവർ മമത സർക്കാരിന് പുറത്തേക്കുള്ള വാതിൽ കാട്ടിക്കൊടുക്കാൻ പോകുകയാണ് എന്നാണ്. നിങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും കാണിക്കുന്നത് ബംഗാളിലെ ജനങ്ങൾ ബിജെപി സർക്കാരിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തുകഴിഞ്ഞു എന്നാണ്, നഡ്ഡ പറഞ്ഞു. കഴിഞ്ഞ മാസം വാഹനത്തിനു നേരെ നടന്ന കല്ലേറിനു ശേഷം നഡ്ഡ ആദ്യമായി നടത്തുന്ന ബംഗാൾ സന്ദർശനമാണിത്.

കോവിഡ് 19ന്റെ കാലത്ത് മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ റേഷൻ തൃണമൂൽ പ്രവർത്തകർ തട്ടിയെടുക്കുകയും അവരുടെ വീടുകൾ റേഷൻ ഓഫീസുകളാക്കി മാറ്റുകയും ചെയ്തു. ബംഗാളിൽ ഭരണകക്ഷി നടത്തുന്നത് ഇത്തരത്തിലുള്ള കൊള്ളയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട പണം ലഭ്യമാക്കാതിരിക്കുകയും ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നവരാണ് അവരെന്നും നഡ്ഡ പറഞ്ഞു.

ബിജെപിയെ അധികാരത്തിലെത്തിച്ചാൽ സംസ്ഥാനത്തെ കർഷകർക്ക് നീതി ഉറപ്പാക്കുമെന്ന് നഡ്ഡ വ്യക്തമാക്കി. ബംഗാളിലെ 70,000 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രയോജനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഇതിനായി മമത ബാനർജി കേന്ദ്രത്തിന് കത്തെഴുതുന്നത്. ബംഗാളിൽ ബിജെപി സർക്കാരുണ്ടാക്കുകയും കർഷകരെ സഹായിക്കുകയും ചെയ്യും. ബിജെപി സർക്കാർ രൂപവത്‌കരിക്കുന്നതോടെ സമീപ ഭാവിയിൽത്തന്നെ 4.66 കോടി ജനങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കും, അദ്ദേഹം പറഞ്ഞു.

കർഷക ഭവനങ്ങളിൽനിന്ന് അരി ശേഖരിക്കുന്ന 'ഏക് മുട്ടി ചാവൽ സംഗ്രഹ്' എന്ന കാമ്പയിനും നഡ്ഡ ഉദ്ഘാടനം ചെയ്തു. ബിജെപി പ്രവർത്തകർ ഓരോ കർഷക വീടുകളിലും കയറിയിറങ്ങി പിടിയരി ശേഖരിക്കുകയും കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളുടെ ഗുണവശങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നതാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ കാമ്പയിൻ.

Content Highlights:JP Nadda attacks against Mamata Banerjee