ബെംഗളൂരു: കഠിനമായ ട്രാക്ക് അറ്റക്കുറ്റപ്പണികള്‍ക്ക് ശേഷം ബെംഗളൂരു-മൈസൂരു റെയില്‍വേ പാതയിലൂടെയുള്ള അതിവേഗ യാത്ര ഏറെ സുഗമമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചു. ഒരു കോച്ചിനുള്ളില്‍ മേശപ്പുറത്ത് വച്ചിരുന്ന വെള്ളം നിറച്ച ഗ്ലാസില്‍ നിന്ന് ഒരു തുള്ളിപോലും യാത്രയില്‍ പുറത്ത് പോയില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ സാക്ഷ്യപ്പെടുത്തി. 

മന്ത്രി പരീക്ഷണത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.' ട്രെയിന്‍ അതി വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക്‌ ഒഴുകാത്തവിധം യാത്ര സുഗമമായിരുന്നു. കര്‍ണാടകയിലെ ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ നടത്തിയ തീക്ഷണമായ ട്രാക്ക് അറ്റകുറ്റപ്പണിയുടെ ഫലങ്ങള്‍ എല്ലാവര്‍ക്കും കാണാനാകും' പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 40 കോടി രൂപ ചിലവിട്ടാണ് 130 കിലോമീറ്റര്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തിയതെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.