ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് സംഘത്തിന്റെ ക്രൂരമര്‍ദനവും അധിക്ഷേപവും. ന്യൂസ് 24 വാര്‍ത്താ ചാനല്‍ റിപ്പോർട്ടർ അമിത് ശര്‍മയ്ക്കാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ധിമാന്‍പുരയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചരക്കു തീവണ്ടി പാളം തെറ്റിയതിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അമിത്.

''പോലീസുകാര്‍ യൂണിഫോമില്‍ ആയിരുന്നില്ല. അവരില്‍ ഒരാള്‍ എന്റെ ക്യാമറ തട്ടിത്താഴെയിട്ടു. താഴെ വീണ ക്യാമറ എടുത്തപ്പോള്‍ അവര്‍ എന്നെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ലോക്കപ്പിലടച്ച ശേഷം പോലീസുകാര്‍ എന്റെ വസ്ത്രം വലിച്ചുകീറി. വായില്‍ മൂത്രമൊഴിച്ചു''- അമിത് പറഞ്ഞു. 

അമിത്തിനെ കസ്റ്റഡിയിലെടുത്ത സംഭവം അറിഞ്ഞ് നിരവധി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം ബുധനാഴ്ച രാവിലെയാണ് അമിത്തിനെ സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത്.

ട്രെയിനുകളില്‍ റെയില്‍വേ പോലീസുകാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനധികൃത കച്ചവടത്തെ കുറിച്ച് താന്‍ വാര്‍ത്ത ചെയ്തിരുന്നെന്നും അതിലുള്ള വിരോധം മൂലമാണ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്നും അമിത് പറഞ്ഞു.  

അമിത്തിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ് എച്ച് ഒ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. 

content highlights: journalist thrashed by government railway police officials in uthar pradesh