മുഹമ്മദ് സുബൈർ| Photo: https://twitter.com/zoo_bear
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
'@balajikijaiin' എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് കേസ് എന്ന് പോലീസ് പറഞ്ഞു. 2018-മാര്‍ച്ചിലാണ് സുബൈര്‍ ഈ ട്വീറ്റ് ചെയ്തിരുന്നത്.
മറ്റൊരു കേസിലെ ചോദ്യം ചെയ്യലിന് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് വിളിപ്പിച്ചിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. ഈ കേസില്‍ അറസ്റ്റില്‍നിന്ന് സുബൈറിന് കോടതി സംരക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു പുതിയ കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രതീക് വ്യക്തമാക്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആര്‍. കോപ്പി നല്‍കിയില്ലെന്നും പ്രതീക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച സുബൈറിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന. 2017-ല്‍ സ്ഥാപിതമായ ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ് രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്.
Content Highlights: Journalist Mohammed Zubair arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..