ജോഷിമഠിൽ വിള്ളലുണ്ടായ ഭാഗങ്ങളിലൊന്ന് | Photo: PTI
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനിടെ 25-ലേറെ സൈനിക കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍നിന്ന് സൈനികരെ മാറ്റിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനികരെയാണ് മാറ്റിയതെന്ന് സൈനിക മേധാവി മനോജ് പാണ്ഡേ പറഞ്ഞു.
എത്ര സൈനികരെയാണ് മാറ്റിയതെന്ന് സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൈനിക കെട്ടിടങ്ങളില്‍ ചെറുതും ഇടത്തരം വലിപ്പവുമുള്ള വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ഇവിടെനിന്ന് മാറ്റാന്‍ തയ്യാറാണെന്നും മേഖലയിലെ സൈനികര്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായി 3488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ജോഷിമഠിലെ ദുരന്തബാധിതമേഖല. 20,000 ല്‍ ഏറെ സൈനിക ട്രൂപ്പുകളും, സൈനിക ഉപകരണങളും മിസൈല്‍ സംവിധാനങ്ങളും ഈ മേഖലയിലുണ്ട്.
അതേസമയം ജോഷിമഠ് നഗരത്തിലെ അപകടഭീഷണിയുള്ള വീടുകളില്‍ നിന്നും നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 700 ലേറെ കെട്ടിടങ്ങള്‍ അപകടസ്ഥിതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രി ജോഷിമഠില്‍ നിന്ന് ഒഴിപ്പിച്ച ജനങ്ങളെ താമസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയും മുഖ്യമന്ത്രി ജോഷിമഠിലുണ്ടായിരുന്നു.
പൊളിക്കേണ്ട കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടും ദുരിതാശ്വാസ തുകയുമായി ബന്ധപ്പെട്ടും പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇടക്കാല സഹായം എന്ന നിലയില്‍ ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ദുരിതാശ്വാസ തുക നല്‍കുമെന്നും അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ധാമി പറഞ്ഞു.
ഇടക്കാല സഹായമായ 1.5 ലക്ഷം രൂപയുടെ സുതാര്യമായ വിതരണത്തിനും ദുരിതാശ്വാസ തുക നിശ്ചയിക്കുന്നതിനുമായി ഒരു 11 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുരാനയുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അതേസമയം ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ 45 കോടി രൂപ അനുവദിച്ചു.
സൈനികര്‍, ഐടിബിപി, എന്‍ഡിആര്‍എഫ് എന്നിരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി.
Content Highlights: joshimath sinking crisis updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..