പുഷ്കർസിങ് ധാമി, വിള്ളൽവീണ വീടുകളിലൊന്ന്. photo: ANI
ദെഹ്റാദൂണ്‍: വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളല്‍വീണ് നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ ജോശിമഠില്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ജോശിമഠ് നഗരത്തിലെ സുരക്ഷിതപ്രദേശത്ത് വലിയ താത്ക്കാലിക പുനരധിവാസകേന്ദ്രം ഉടന്‍ സജ്ജമാക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി ഉത്തരവിട്ടു.
നൂറുകണക്കിന് വീടുകളില്‍ വിള്ളലുണ്ടായത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജീവന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബദ്രിനാഥ് ദേശീയ പാത കഴിഞ്ഞ ദിവസം ജനങ്ങള്‍ ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നതതല യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അപകടമേഖലകളില്‍ നിന്ന് മുഴുവന്‍ ജനങ്ങളെയും ഉടന്‍ ഒഴിപ്പിക്കണമെന്നും ദുരന്ത നിവാരണ കണ്ട്രോള് റൂം പ്രവര്‍ത്തനക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രദേശത്തെ ദുരിതബാധിതകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാസം 4000 രൂപ വീതം അടുത്ത ആറു മാസത്തേക്ക് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച സംഭവസ്ഥലത്ത് നേരിട്ടെത്തി മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തും.
ജോശിമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ദിവസം കഴിയുംതോറും വര്‍ധിച്ചുവരികയുമാണ്. നഗരത്തിലെ 561 വീടുകള്‍ അപകടനിലയിലാണ്. മൂവായിരത്തോളം പേരെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം ഇപ്പോഴും തുടരുന്നതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമിനേയും ജോശിമഠില്‍ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
ഭൂമിക്കടിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന സംഭവങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പലയിടത്തും ഗതാഗത തടസം സൃഷ്ടിച്ചു. കടുത്ത ശൈത്യത്തോടൊപ്പം വീടുകള്‍ അപകടനിലയിലാവുക കൂടി ചെയ്തതോടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. പ്രശ്നം രൂക്ഷമായി ബാധിച്ച 66 കുടുംബങ്ങളെ കഴിഞ്ഞ ദിവസം താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജോശിമഠിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിവെക്കണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
Content Highlights: Joshimath: Uttarakhand CM Dhami orders urgent steps at high-level meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..