ഊട്ടി റോസ് ഗാർഡൻ
ഊട്ടിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് മനം കുളിരും. പ്രകൃതി അതിന്റെ വശ്യമനോഹാരിത മുഴുവന്‍ വാരിപുതപ്പിച്ചിട്ടുള്ള നീല മലനിരകളുടെ പ്രധാന ഭാഗമാണ് ഊട്ടി. ആ ഊട്ടിയെ കണ്ടെത്തിയ ജോണ്‍ സുള്ളിവന്‍ എന്ന ബ്രിട്ടീഷ് കളക്ടര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുകയാണ്. ഊട്ടിയെന്ന ഭൂപ്രദേശം ജോണ്‍ സുള്ളിവന്‍ കണ്ടെത്തിയിട്ട് 200 വര്‍ഷമായി. അനേകം രാജാക്കന്‍മാരേയും രാജവംശങ്ങളേയും പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും ബ്രീട്ടീഷ് ഭരണത്തിന് കീഴില്‍ മാത്രമാണ് ഊട്ടിക്ക് പ്രത്യേക അംഗീകാരം ലഭിച്ചത്.
യൂറോപ്യന്‍മാര്‍ പൊതുവെ സാഹസികരമാണ്. കോളനി ഭരണകാലത്ത് ഇംഗ്ലീഷ് കമ്പനിക്ക് കീഴിലും അതിന് ശേഷവും വേനല്‍കാലത്തെ ചൂടില്‍ നിന്നുള്ള ശമനത്തിനും മറ്റും അവര്‍ അനേകം കുന്നിന്‍ചെരുവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളിലെ ഹിമാലയന്‍ കുന്നുകളായിരുന്നു ഇതില്‍ മിക്കതും.
പച്ചപ്പ് നിറഞ്ഞ സുഖപ്രദമായ കാലാവസ്ഥയില്‍ ആകൃഷ്ടരായ ബ്രിട്ടീഷുകാര്‍ ഇത്തരം സ്ഥലങ്ങളില്‍ വേനല്‍കാല വസതികളും മക്കള്‍ക്ക് സ്‌കൂളുകളും സൈനിക കേന്ദ്രങ്ങളും നിര്‍മിച്ചു തുടങ്ങി. അതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളും ഇങ്ങോട്ടേക്കെത്തിച്ചു.
.jpg?$p=303c014&&q=0.8)
ഇന്നത്തെ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയെ 1864-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഇത്തരത്തില്‍ കണ്ടെത്തിയ 65 ഹില്‍സ്റ്റേഷനുകളില്‍ ഒന്നായിരുന്നു ഊട്ടി. ജോണ്‍ സുള്ളിവന്‍ കോയമ്പത്തൂര്‍ കളക്ടറായി എത്തുന്നത് വരെ ഊട്ടി എന്ന സ്ഥലത്തെ കുറിച്ച് പുറംലോകത്തിന് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. 1821-ല്‍ മദ്രാസ് ഗസറ്റില്‍ 'ഒറ്റയ്കാല്‍മണ്ടു'എന്നായിരുന്നു ഊട്ടിയെ വിശേഷിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള നീലഗിരി
ഗംഗ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ആദ്യ ഘട്ടത്തില്‍ നീലഗിരി, പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍ ഭരണം ഹൊയ്‌സാല രാജാക്കന്മാരിലേക്കും പിന്നീട് വിഷ്ണുവര്‍ദ്ധനിലേക്കും ഇതിന്റെ അധികാരം. എഡി 1117 മുതല്‍ ഈ പ്രദേശങ്ങളില്‍ തോഡ, കോട്ടകള്‍, ബഡഗകള്‍, ഇരുളകള്‍, കുറുമ്പകള്‍ തുടങ്ങിയ ഗോത്രങ്ങള്‍ സ്ഥിരതാമസമാക്കിയിരുന്നുവെന്നും പറയുന്നു. മുഗള്‍ രാജവംശത്തിലെ മൈസൂരിലെ ടിപ്പു സുല്‍ത്താനും ഒരു ഹ്രസ്വകാലത്തേക്ക് ഊട്ടിയുടെ അധികാരം കൈവശപ്പെടുത്തിയെന്നാണ് പറയുന്നത്.
.jpg?$p=0ba3f9b&&q=0.8)
ബ്രീട്ടീഷ് ഭരണത്തിലെ നീലഗിരി
1799-ലെ ശ്രീരാഗപട്ടണം ഉടമ്പടി പ്രകാരം നീലഗിരി പര്‍വതനിരകള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു. 1818-ല്‍ കോയമ്പത്തൂര്‍ കളക്ടറുടെ അസിസ്റ്റന്റും സെക്കന്റ് അസിസ്റ്റന്റും നീലഗിരി സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ ജോണ്‍ സുള്ളിവന്‍ നേരിട്ട് സന്ദര്‍ശനം നടത്തി. നീലിഗിരി കുന്നുകളുടെ മനോഹാരിതയില്‍ ആകൃഷ്ടനായ അദ്ദേഹം ഈ പ്രദേശത്തെ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഉപമിച്ചു. 1822-ല്‍ അദ്ദേഹം അവിടെ ബംഗ്ലാവ് പണിയിപ്പിച്ചു. ഇന്ന് ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് സ്റ്റോണ്‍ ഹൗസ് എന്നറിയപ്പെടുന്ന ഈ ബംഗ്ലാവ്. ഊട്ടിയിലെ ആദ്യ യൂറോപ്യന്‍ വീടായിരുന്നു ഇത്. ജോണ്‍ സുള്ളിവന്‍ പിന്നീട് ഊട്ടിയെ ലോകഭൂപടത്തിലേക്ക് മാറ്റുന്ന കാഴ്ചയാണ് കണ്ടത്.
നീലഗിരി സന്ദര്‍ശിക്കുന്ന ആദ്യത്തെ ആളായിരുന്നില്ല അദ്ദേഹം, എന്നാല്‍ ഈ മനോഹരമായ കുന്നുകളുടെ ശാന്തതയും സാധ്യതയും തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയായിരുന്നു ജോണ്‍ സുള്ളിവന്‍. മേട്ടുപ്പാളയത്തിനടുത്തുള്ള സിരുമുഖൈ മുതല്‍ കോത്തഗിരിയിലെ ഡിംഭട്ടി വരെയുള്ള റോഡുകള്‍ നിര്‍മിച്ചു. 1832ല്‍ കൂനൂരിലേക്കുള്ള പാതകള്‍ സ്ഥാപിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തു. ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് നന്നായി ഇഷ്ടപ്പെട്ട നീലഗിരി പിന്നീട് അവരുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായി മാറി.
സുള്ളീവന്റെ നിര്‍മിതിയാണ് ഊട്ടി തടാകവും. ജലസേചന ആവശ്യങ്ങള്‍ക്കായി സമീപത്തെ അരുവികളില്‍ തടയണ കെട്ടിയാണ് അദ്ദേഹം തടകാന്‍ സൃഷ്ടിച്ചെടുത്തത്. ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇന്ന് ഊട്ടി തടാകം. ഊട്ടിയിലെ തദ്ദേശവാസികള്‍ക്ക് വേണ്ടി സുള്ളീവന്‍ മികച്ച കാര്‍ഷിക രീതികളും അവതരിപ്പിച്ചു.
ഊട്ടിയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ അനിവാര്യ ഘടകമായ തേക്ക്, സിങ്കോണ പ്ലാന്റേഷനേയും അദ്ദേഹം പരിചയപ്പെടുത്തി. തേയിലയും മറ്റു യൂറോപ്യന്‍ കാര്‍ഷിക വിളകളും അവതരിപ്പിച്ചു. അങ്ങനെ ഊട്ടിയുടെ സാമൂഹികവും സാമ്പത്തികവുമായ മുഖം അദ്ദേഹം മാറ്റി.
സുള്ളിവന് ആദരം
ഊട്ടിയുടെ ഹൃദയഭാഗത്തുള്ള ഗാര്‍ഡന്റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ സുള്ളിവന്റെ വെങ്കലത്തില്‍ത്തീര്‍ത്ത അര്‍ധകായപ്രതിമ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനാച്ഛാദനംചെയ്തു. ചടങ്ങില്‍ വനംമന്ത്രി കെ. രാമചന്ദ്രന്‍, കളക്ടര്‍ എസ്.പി. അമൃത് എന്നിവര്‍ പങ്കെടുത്തു. ഊട്ടിയുടെ 200-ാം വാര്‍ഷികം ആഘോഷിക്കാന്‍ നീലഗിരി ജില്ലാ ഭരണകൂടം ഒരുവര്‍ഷം നീളുന്ന പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ശനിയാഴ്ച നിര്‍വഹിച്ചു.

ചടങ്ങില്‍ ഊട്ടി ഉള്‍പ്പെടുന്ന നീലഗിരിജില്ലയുടെ സമഗ്രവികസനത്തിന് 119 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. പുഷ്പമേളയുടെ രണ്ടാംനാളിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഊട്ടയിലെത്തിയത്. ചൊവ്വാഴ്ചവരെ നീളുന്ന മേളയ്ക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: John Sullivan the founder of modern ooty


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..