ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭാ അംഗമായ താന്‍ സുപ്രീം കോടതി സമീപിച്ചിരിക്കുന്നതെന്നും കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടന്ന ചോര്‍ത്തലിന് രണ്ട് മാനങ്ങള്‍ ഉണ്ടെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ആരോപിക്കുന്നു. ഒന്നുകില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത്. പൊതുപണം എടുത്ത് അനധികൃതമായി രാഷ്ട്രീയ നേതാക്കളുടേത് ഉള്‍പ്പടെയുള്ള ഫോണ്‍ ചോര്‍ത്തിയത് അനുവദിക്കാനാകില്ല. വിദേശ ഏജന്‍സികളാണ് ഫോണ്‍ ചോര്‍ത്തിയതെങ്കില്‍ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്. ജഡ്ജിമാരുടെയും സുപ്രീം കോടതി ജീവനക്കാരുടെയും ഫോണുകള്‍ നിരീക്ഷിച്ചത് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റെ ഫോണ്‍ ചോര്‍ത്തിയത് നിഷ്പക്ഷ തിരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ്. അതീവരഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ വിദേശ ഏജന്‍സികള്‍ക്ക് ലഭ്യമാക്കിയത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുന്ന വിഷയമാണെന്നും റിട്ട് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 

ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗാസസ് നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ. ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പും ഫേസ്ബുക്കും കാലിഫോര്‍ണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പെഗാസസ് ഉപയോഗിച്ച് പല രാജ്യങ്ങളിലും നിരീക്ഷണം നടത്തുന്നതായി എന്‍.എസ്.ഒ. ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷക രശ്മിത രാമചന്ദ്രന്‍ മുഖേനെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തര, ഐടി, വാര്‍ത്തവിനിമയ മന്ത്രാലയങ്ങളെ എതിര്‍ കക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹര്‍ജിയാണ് ജോണ്‍ ബ്രിട്ടാസിന്റേത്.

Content Highlights: John Brittas approach sc seeks inquiry in pegasus phone tapping