
-
ന്യൂഡല്‍ഹി: ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.
കാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പോലീസ് അവകാശപ്പെടുന്നത്. വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തില്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.
തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമര്‍ശനം നിരവധി കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: JNU violence: Delhi Police get vital clues on masked attackers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..