ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ കാണാതായ വിദ്യാര്‍ത്ഥിയെ ആറാം ദിവസവും കണ്ടെത്താനായില്ല. കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല ഭരണകാര്യാലയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരോധ സമരം വ്യാഴാഴ്ചയും തുടരുകയാണ്. വൈസ് ചാന്‍സ്‌ലര്‍ അടക്കമുള്ളവരെ തടഞ്ഞുവെച്ചാണ് സമരം.

ഒക്ടോബര്‍ 15ന് രാവിലെ 11 മണി മുതലാണ് എം. എസ്.സി വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതാകുന്നത്. ഇതിന് തലേദിവസം ഹോസ്റ്റലില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ നജീബിനെ മര്‍ദ്ദനത്തിനിരയാക്കിയിരുന്നു. നജീബിന്റെ തിരോധാനത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഡല്‍ഹി പോലീസിന് സര്‍വകലാശാല അധികൃതര്‍ പുതിയ പരാതി നല്‍കുക, ഹോസ്റ്റലില്‍ അക്രമം നടത്തുന്നവരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍ ആറ് ദിവസമായിട്ടും ഇതിനുള്ള നടപടികള്‍ വിസി സ്വീകരിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വൈസ് ചാന്‍സ്‌ലര്‍ എം ജഗദീഷ് കുമാര്‍ രാത്രി 12.15 ന് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. നജീബ് അഹമ്മദിനെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സര്‍വകലാശാല ജീവനക്കാരെ തടഞ്ഞുവെക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചുവെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. പുറത്തിറങ്ങാന്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാത്തതിനാല്‍ ഓഫീസില്‍തന്നെ തുടരുകയാണെന്ന് 1.30 ന് വി.സി ട്വിറ്ററിലൂടെ അറിയിച്ചു.

പുറത്തിറങ്ങാന്‍ ശ്രമിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ അനുവദിച്ചില്ലെന്ന് 2.20 നും വി.സി ട്വീറ്റ് ചെയ്തു. ഓഫീസില്‍ തന്നെ തുടരുകയാണെന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും രാവിലെ 5.20 ന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.